പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുന്നു.

പാലക്കാട്: തിരുവനന്തപുരം ഡിവിഷനെ ഇല്ലാത്താക്കാന്‍ ശ്രമിക്കുന്നതിന് പിന്നാലെ പാലക്കാട് ഡിവിഷനും മരണമണി. പാലക്കാട് ഡിവിഷന്‍ പ്രധാന ഭാഗമായ മംഗളൂരുവിനെ മൈസൂര്‍ ഡിവിഷനിലേക്ക് ചേര്‍ക്കാന്‍ കര്‍ണാടക ലോബി നീക്കം തുടങ്ങി.

മംഗലാപുരം മുതല്‍ പനമ്പൂര്‍ വരെയുള്ള ഭാഗമാണ് മൈസൂര്‍ ഡിവിഷനില്‍ ചേര്‍ക്കാനൊരുങ്ങുന്നത്. പനമ്പൂരില്‍ നിന്നാണ് കപ്പലിലെത്തുന്ന ഇരുമ്പയിരടക്കമുള്ള വന്‍ ചരക്ക് കയറ്റിറക്കലുകള്‍ നടക്കുന്നത്. പനമ്പൂരിനെ കൈവിട്ടാല്‍ പാലക്കാടിന്റെ ചരക്ക് വരുമാനം 75 ശതമാനം കുറയും.

പാലക്കാടിനെ ശോഷിപ്പിച്ച് ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ പെടുത്തി മറ്റേതെങ്കിലും ഡിവിഷനില്‍ ലയിപ്പിക്കാനുള്ള നീക്കമാണിത്.

റെയില്‍വേ വികസനത്തില്‍ കര്‍ണാടകയും തമിഴ്‌നാടും വന്‍ കുതിപ്പ് നടത്തുമ്പോള്‍ നാമമാത്രമായ ആനുകൂല്യങ്ങള്‍ ലഭിക്കാറുള്ള കേരളത്തിന് ഈ നീക്കം കനത്ത തിരിച്ചടിയാകും നല്‍കുക.

ഇതിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എത്തുന്നില്ല എന്നത് ഏറെ ഖേദകരമാണ്.