പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.

ന്യൂഡല്‍ഹി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 സീറ്റിലെ പ്രവേശനമാണ് റദ്ദാക്കിയത്. കണ്ണൂര്‍ കോളേജിലെ 150 സീറ്റിലേയും കരുണ കോളേജിലെ 30 സീറ്റിലേയും പ്രവേശനമാണ് റദ്ദാക്കിയത്.കോളേജുകള്‍ രേഖകള്‍ കെട്ടിച്ചമച്ചെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിെല്ലെന്നും കോടതി നിരീക്ഷിച്ചു. ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 പേര്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം മെറിറ്റ് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തുന്ന കോളേജുകളാണ് രണ്ടും.ആറുതവണയായി നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ അവഗണിച്ച് ഇരു കോളേജും പ്രവേശനം നടത്തിയതിനെതുടര്‍ന്ന് ജെയിംസ് കമ്മിറ്റി കരുണയില്‍ 100 സീറ്റിലേക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 150 സീറ്റിലേക്കുമുള്ള പ്രവേശനം നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.