പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനത്തിന്‌ ബഹളത്താടെ തുടക്കം; ലോക്‌സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

rajyasabhaദില്ലി: പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനത്തിന്‌ ബഹളത്തോടെ തുടക്കം. ലളിത്‌ മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന്‌ സഭാനടപടികള്‍ 2 മണിവരെ നിര്‍ത്തിവെച്ചു. അതേസമയം മധ്യപ്രദേശില്‍ നിന്നുള്ള സിറ്റിങ്‌ എംപിയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു.

രാജ്യസഭയില്‍ ആനന്ദ്‌ ശര്‍മയാണ്‌ ലളിത്‌ മോദി വിവാദം ഉന്നയിച്ചത്‌. മോദിയെ രാജ്യം വിടാനായി ബിജെപി സര്‍ക്കാര്‍ സഹായിച്ചെന്നായിരുന്നു അദേഹം ഉയര്‍ത്തിയ ആരോപണം.

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി സംസാരിക്കാന്‍ ഒരുങ്ങിയതോടെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ഏതുവിഷയത്തിലും ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ ഇതുസംബന്ധിച്ച്‌ പ്രസ്‌താവന നടത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അറിയിച്ചെങ്കിലും വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.

ലളിത്‌ മോദി വിവാദം, വ്യാപം തുടങ്ങിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ ഇരുസഭകളിലും പ്രതിഷേധമുണ്ടാവുമെന്ന്‌ പ്രതിപക്ഷം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.