പാര്‍ടിയെ വഞ്ചിച്ചിട്ടില്ല; രാജി പിന്‍വലിക്കും;ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും;പനീര്‍സെല്‍വം

ചെന്നൈ:താന്‍ പാര്‍ടിയെ വഞ്ചിച്ചിട്ടില്ലെന്നും രാജി പിന്‍വലിക്കുകയാണെന്നും ഒ പനീര്‍സെല്‍വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ശശികലക്കെതിരെ ആരോപണമുന്നയിച്ച മുതിര്‍ന്ന നേതാവ് പി എച്ച് പാണ്ഡ്യനും വാര്‍ത്തസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്.അതെ കുറിച്ചറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും പനീര്‍സെല്‍വം അറിയിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും കമ്മീഷന്‍ ചുമതല. ഗവര്‍ണരെ കാണുമെന്നും നിയമസഭയില്‍ ശക്തി തെളിയിക്കുമെന്നും പറഞ്ഞു.

അധികാരത്തില്‍ ഇരിക്കുമ്പോഴോ പ്രതിപക്ഷത്തായിരിക്കുമ്പോഴോ താന്‍ പാര്‍ട്ടിയെ ചതിച്ചിട്ടില്ല. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ഇതു ദുരീകരിക്കേണ്ടതുണ്ട്. ഇതിനായാണ് അന്വേഷണം നടത്തുന്നത്. അതു സര്‍ക്കാരിന്റെ ചുമതലയാണ്.

തന്റെ വാദങ്ങളുമായി തമിഴ്‌നാട്ടിന്റെ എല്ലാ ഭാഗത്തേയും ജനങ്ങളെ കാണുമെന്നും നിയമസഭയില്‍ തന്റെ ശക്തി തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് എഐഎഡിഎംകെയുടെ യോഗം ചെന്നൈയില്‍ ചേരുന്നുണ്ട്. ഇന്ന് പത്ത് മണിക്ക് യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചരുന്നതെങ്കിലും ഇതുവരെ യോഗം ആരംഭിച്ചിട്ടില്ല.