പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ചോദ്യം ചെയ്യുന്ന തലമുറ വളരണം

Seminar inaugurationതിരൂര്‍:പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ചോദ്യം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്ന പുതുതലമുറ വളര്‍ന്നാലേ കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനാകൂ എന്ന്‌ വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു. അതുകൊണ്ട്‌ പാരിസ്ഥിതിക സംബന്ധമായ വിദ്യാഭ്യാസത്തിന്‌ മുന്‍തൂക്കം കൊടുക്കാനാവണം.
വികസനവും പരിസ്ഥിതിയും സമരസപ്പെടുത്തുകയെന്നതാണ്‌ സുസ്ഥിര വികസനത്തിന്റെ വെല്ലുവിളി. പരിസ്ഥിതിയുമായുള്ള ജൈവബന്ധം പുലരാന്‍ ജീവിത ശൈലിയിലും ജീവിത വീക്ഷണത്തിലും മാറ്റമുണ്ടാവണം. ഓരോ കുടുംബത്തിലും പാരിസ്ഥിതിക അവബോധമുണ്ടാക്കാനാവണം വി.സി. പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ മാറ്റങ്ങള്‍ നേടാനാവൂ.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല രംഗശാലയില്‍ സുസ്ഥിര വികസന വിദ്യാഭ്യാസം എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍. ചടങ്ങില്‍ ഡോ.കെ.എം. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു.
വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഓഫ്‌ ഇന്ത്യ, സി.പി. രാമസ്വാമി അയ്യര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ സെന്റര്‍, ചെന്നൈ എന്നിവരുടെ സഹകരണത്തോടെ മലയാളസര്‍വകലാശാല ജില്ലയിലെ വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ്‌ കോ-ഓഡിനേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ചതായിരുന്നു ശില്‍പശാല. പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കാളികളായി. വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഡയരക്‌ടര്‍ രഞ്‌ജന്‍ മാത്യു വര്‍ഗീസ്‌ പദ്ധതി വിശദീകരണം നടത്തി. എ.കെ. ശിവകുമാര്‍ വിഷയം അവതരിപ്പിച്ചു. രജിസ്‌ട്രാര്‍ കെ.വി. ഉമര്‍ ഫാറൂഖ്‌ സംസാരിച്ചു. പ്രൊഫസര്‍ ടി.പി. കുഞ്ഞികണ്ണന്‍ സ്വാഗതവും ഹിദായത്തുള്ള നന്ദിയും പറഞ്ഞു.