പാമോയില്‍ കേസ് അട്ടിമറിച്ചതില്‍ നിരവധി തെളിവുകള്‍; വി.എസ്.

തിരു: പ്രമാദമായ പാമോയില്‍ കേസ് അട്ടിമറിച്ചതിന് തന്റെ പക്കല്‍ നിരവധി തെളിവുകളുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും വിജിലന്‍സ് വകുപ്പ് മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നെഴുതിയ തിരക്കഥയാണെന്ന് വി.എസ് ആരോപിച്ചു. പ്രധാനമായും അഞ്ച് രേഖകളുടെ പകര്‍പ്പുകളാണ് വി.എസ് പത്രസമ്മേളനത്തില്‍ വിതരണം ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിലെയും നേരത്തെയുള്ള കുറ്റപത്രത്തിലെയും പൊരുത്തകേടുകള്‍ അക്കമിട്ടു നിരത്തിയ രേഖകളായിരുന്നു അവ.

ഇത്രയും രേഖകളുണ്ടായിട്ടും ഒരു പച്ചക്കള്ളം കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായതിനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.

ഈ കേസില്‍ വേണമെങ്കില്‍ വിചാരണാകോടതിയില്‍ കക്ഷിചേര്‍ന്ന് തെളിവുകള്‍ ഹാജരാക്കുമെന്നും, സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ രാജിയോടെ കേസ് തേച്ചുമായ്ച്ചുകളയാമെന്ന ഉമ്മന്‍ചാണ്ടിയുടെ മോഹം പകല്‍കിനാവു മാത്രമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാമോയില്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന പി.എ.അഹമ്മദ് ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. പാമോയില്‍ വിഷയം കേരളരാഷ്ട്രീയത്തില്‍ വരുംദിനങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇന്ന് പുറത്തുവന്ന രേഖകള്‍ കാരണമാകും.