പാണക്കാട് തങ്ങളെ അപമാനിക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയില്‍: പി സി ജോര്‍ജ്ജ്

തിരൂരങ്ങാടി: പാണക്കാട് തങ്ങളെ അപമാനിക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും മുസ്ലിംലീഗിനെ മുസ്ലിംസമുദായം എന്നതില്‍ കവിഞ്ഞ് ഒരു രാഷ്ട്രീയപാര്‍ട്ടിയായി കാണാനുള്ള നീതി ബോധം രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാകണമെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് മുന്നിയൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

 

മുസ്ലിംലീഗ് മത്വേതര കക്ഷിയല്ലെന്നു മന:സാക്ഷിയുള്ളവര്‍ക്ക് പറയാന്‍ കഴിയില്ല. ഐക്യ ജനാധിപത്യ മുന്നണിക്കകത്തു ആര്‍ക്കും ലീഗിനെ തള്ളിപ്പറയാന്‍ കഴിയില്ല. ആരെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് മറ്റെന്തെങ്കിലും മനസ്സില്‍ വെച്ചു കൊണ്ടാണ്. ലീഗിനെ വര്‍ഗ്ഗീയപാര്‍ട്ടി എന്ന് വിളിക്കുന്നവരോട് തനിക്ക് പുച്ഛമാണെന്നും പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

 

 

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അഭിപ്രായ സ്വാന്ത്ര്യമുണ്ട്. പക്ഷെ, ഐക്യ ജനാധിപത്യ മുന്നണി എന്ന കെട്ടുറപ്പുള്ള പ്രസ്ഥാനത്തെ തകര്‍ക്കാതെ നോക്കാനുള്ള ധാര്‍മ്മികത പ്രകടിപ്പിക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അഡ്വ കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പി പി ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എം എ ഖാദര്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി, സയ്യിദ് സലീം ഐദീദ് തങ്ങള്‍, ബക്കര്‍ ചെര്‍ന്നൂര്‍, ഹനീഫ മുന്നിയൂര്‍, കാവുങ്ങല്‍ ഇസ്മയില്‍, ഹൈദര്‍ കെ മുന്നിയൂര്‍, എം സൈതലവി, എന്‍ എം അന്‍വര്‍ സാദത്ത്, സി വി മെഹ്ബൂബ്, പി പി മുനീര്‍ മാസ്റ്റര്‍, സി എം അബ്ദുല്‍ കരീം സംസാരിച്ചു