പാക്കിസ്ഥാനില്‍ ഇറാനെതിരെ താവളത്തില്‍ നിന്ന് യു.എസ് സമ്മര്‍ദ്ദം.

ഇറാനെതിരെ ചാരപ്രവര്‍ത്തനത്തിന് ബലൂചിസ്ഥാനില്‍ താവളങ്ങള്‍ ലഭിക്കുന്നതിന് അമേരിക്ക പാക്കിസ്ഥാനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ബലൂജ് ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത് ഈ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണെന്ന് പാക്ക് സുരക്ഷാ നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ്് കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിച്ചതില്‍ പാക്കിസ്ഥാന്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുന്ന റിച്ചാര്‍ഡ് ഹോക്ക്‌ലണ്ടിനെ വിദേശ മന്ത്രാലയത്തില്‍ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ നീക്കം ഐക്യരാഷ്ട്ര സംഘടനാ പ്രമാണത്തിന്റെയും അംഗീകൃത രാഷ്ട്രാന്തര പെരുമാറ്റത്തിന്റെയും ലംഘനവും സൗഹൃദബന്ധത്തിന്റെ സത്തയ്ക്ക് നിരക്കാത്തതുമാണെന്ന് ഹോക്ക്‌ലണ്ടിനോട് വ്യക്തമാക്കിയതായി പാക്ക് വിദേശമന്ത്രാലയം അറിയിച്ചു.