പാകിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദാക്കിയതിന്റെ ഉത്തരവാദിത്തം ഇന്ത്യക്കല്ല; രാജ്‌നാഥ്‌ സിംഗ്‌

rajnath singദില്ലി: പാകിസ്ഥാനുമായുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ തലത്തിലുള്ള ചര്‍ച്ച റദ്ദാക്കിയത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌. ഭാവിയില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത്‌ ആ രാജ്യത്തിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും അദേഹം പറഞ്ഞു. മാധ്യമങ്ങളോട്‌ പാകിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദാക്കിയതിനെ കുറിച്ച്‌ സംസാരിക്കവെയാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

പാകിസ്ഥാനുമായുള്ള ചര്‍ച്ചയ്‌ക്ക്‌ ഇന്ത്യ ഒരിക്കലും എതിരായിരുന്നില്ലെന്നും ചര്‍ച്ച നടത്തേണ്ടിയരുന്നത്‌ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരിക്കണമെന്നാണ്‌ ഇന്ത്യ ആഗ്രഹിച്ചിരുന്നതെന്നും അദേഹം പറഞ്ഞു. സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയത്‌ ഇന്ത്യയല്ലെന്നും പാകിസ്ഥാന്‍ തന്നെയാണെന്നും രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു.

പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുമെന്നും എന്നാല്‍ ഇരു രാജ്യങ്ങളും അംഗീകരിച്ച ഉഫ അടക്കമുള്ള കരാറില്‍ നിന്ന്‌ പാകിസ്ഥാന്‍ വഴിമാറരുതെന്നും രാജ്‌നാഥ്‌ സിംഗ്‌ ഓര്‍മ്മപ്പെടുത്തി. ഇന്ത്യ പാക്‌ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.