പഴകിയ ബിയര്‍ വില്‍പ്പനയ്ക്ക്

തിരൂര്‍: ബീവറേജ് കോര്‍പറേഷന്റെ ചില്ലറവില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ബീര്‍ രണ്ട് വര്‍ഷം പഴക്കമുള്ളതാണെന്ന് പരാതി. കഴിഞ്ഞ ദിവസം തിരൂരിലെ ബിവറേജ് കോര്‍പ്പറേഷനില്‍ നിന്ന് ബീര്‍വാങ്ങി കുടിച്ചയാള്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് പരിശോധനയിലാണ് ബീറിന്റെ പഴക്കം വ്യക്തമായത്.

താനൂര്‍ സ്വദേശികളായ 2 പേരാണ് ഇവിടെ നിന്ന് 330 mlന്റെ ‘ടൂബോര്‍ഗ്’ ബീര്‍ മൂന്ന് കുപ്പി വാങ്ങിച്ചത്. ഈ കുപ്പികളില്‍ മാനുഫാക്ച്ചറിങ്ങ് തിയ്യതി രേഖപ്പെടുത്തിയിരിക്കുന്നത് 12/12/2010 എന്നാണ്. കൂടാതെ 6 മാസത്തിനുള്ളില്‍ ഉപയോഗിക്കുന്നത് അഭികാമ്യം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ 30/10/2012 ന് വാങ്ങിയ ബിയറിന് നല്‍കിയ ബില്ലില്‍ രേഖപ്പെടുത്തിയ തിയ്യതി 28/10/12 എന്നാണ്.

തുടര്‍ന്ന് ഇവര്‍ ഷോപ്പില്‍ വിവരം അറിയിച്ചപ്പോള്‍ വേണമെങ്കില്‍ പകരം ബീര്‍ തരാമെന്ന മറുപടിയാണ് നല്‍കിയത്. കാലപ്പഴക്കത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നുമായിരുന്നത്രെ മറുപടി.

ശക്തമായ ഉപഭോഗ നിയമമുള്ള നമ്മുടെ രാജ്യത്ത് ഉപ്പ്‌തൊട്ട് കര്‍പ്പൂരം വരെ നമ്മള്‍ എക്‌സ്പയറി തിയ്യതിയോടെ പുറത്തിറക്കുമ്പോള്‍ മലയാളി ഏറ്റവും അധികം പണം ചിലവഴിച്ച് കുടിക്കുന്ന മദ്യത്തിന് മാത്രം ഇതുവരെ ഇത്തരം നിബന്ധനകളോ മാനദണ്ഡങ്ങളോ ഇല്ല എന്നുള്ളത് ആശ്ചര്യജനകം തന്നെ.