പള്ളികളില്‍ ബാങ്ക് വിളി സമയം ഏകീകരിക്കുന്നു

മലപ്പുറം: മുസ്ലീം പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിന് കൃത്യമായ സമയം ഏര്‍പെടുത്തുന്നു. സംസ്ഥാനത്തെ മുഴുവന്‍ പള്ളികളിലും നിസ്‌കാരത്തിനുള്ള ബാങ്ക് വിളി ഒരേ സമയത്താക്കാനുള്ള നീക്കം സമുദായ സംഘടനകള്‍ക്കിടയില്‍ ആരംഭിച്ചു.

വിവിധ മുസ്ലീം സംഘടനകള്‍ വെവ്വേറെ സമയമാണ് ബാങ്ക് വിളിക്കായി നിശ്ചയിച്ചിട്ടുള്ളത്. ദിവസം അഞ്ചു നേരം ബാങ്കു വിളിക്കുന്നെങ്കിലും പള്ളികളില്‍ ഇതിന് ഏകീകൃത സമയമില്ല. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പള്ളികള്‍ പോലും രണ്ടോ മൂന്നോ മിനിറ്റിന് വ്യത്യാസത്തിലാണ് ബാങ്ക് വിളിക്കുന്നത്. ഇത് ഏകീകരിക്കണമെന്ന അഭിപ്രായത്തോട് സമസ്ത സുന്നി വിഭാഗങ്ങള്‍, മുജുഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സമുദായ സംഘടനകള്‍ പൊതുവെ യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എംഎസ്എസ്) യാണ് ഇതു സംബന്ധിച്ച ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്.

റമദാന്‍ മാസത്തില്‍ നോമ്പുതുറ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടാണ് സമയം ഏകീകരിക്കാനുള്ള നീക്കത്തിന് പ്രധാന കാരണം. വിവിധ സമുദായ സംഘടനക്കാര്‍ ഒരുമിച്ചാണ് നോമ്പുതുറക്കാറ്. ഒരു സംഘടനയുടെ പള്ളിയില്‍ നിന്നുള്ള ബാങ്ക് കേട്ട് മറ്റുള്ളവര്‍ നോമ്പ് തുറക്കാത്തത് നേരിയ തര്‍ക്കത്തിനിടയാക്കാറുണ്ട്. സമയം ഏകീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണ് സമുദായ സംഘടനകള്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ പള്ളിയിലും ഒരേ സമയത്താണ് ബാങ്ക്. ഒരു പള്ളിയിലെ ബാങ്ക് ഉപഗ്രഹ സഹായത്തോടെ മറ്റ് പള്ളികളിലേക്ക് നല്‍കുകയാണ് ഇവിടത്തെ രീതി. 2011 മുതല്‍ ഗള്‍ഫിലുള്ള രീതി സംസ്ഥാനത്ത് അത്ര എളുപ്പത്തില്‍ നടത്താനാവത്തതിനാല്‍ കലണ്ടര്‍ ഏകീകരിക്കാനാണ് ആദ്യ നീക്കം. തുടര്‍ന്ന് സാങ്കേതിക വിദ്യ ഉപയോഗിക്കും.

ഉദയവും അസ്തമയവും കൃത്യമായി അറിയാന്‍ മാര്‍ഗമുണ്ടെന്നിരിക്കെ വിവിധ സംഘടനകള്‍ വ്യത്യസ്ത സമയം പാലിക്കുന്നത് ശരിയല്ലെന്നും കലണ്ടര്‍ ഏകീകരിക്കുന്നത് ഏറ്റവും നല്ല നടപടിയാണെന്നും എംഎസ്എസ് പ്രസിഡന്റ് പിവി അഹമ്മദ് കുട്ടി പറഞ്ഞു. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപികരിക്കും. അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പ്രാര്‍ത്ഥനാസമയം നിലവില്‍ വരുത്താനാണ് ശ്രമം.