പലിശരഹിത വായ്‌പകളുമായി സംരംഭക വികസന മിഷന്‍

Untitled-1 copyമലപ്പുറം:തൊഴില്‍രഹിതര്‍ക്ക്‌ പലിശരഹിത വായ്‌പകളുമായി ജില്ലയില്‍ സജീവമാകുകയാണ്‌ കേരള സംസ്ഥാന സംരംഭക വികസന മിഷന്‍. കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍ മുഖേനെ നടപ്പാക്കുന്ന പദ്ധതിയില്‍ 327 പേരാണ്‌ ഇതിനകം ജില്ലയില്‍ സംരംഭകരായത്‌. 126 സംരംഭങ്ങള്‍ക്കായി 1513.7 ലക്ഷം ഇത്‌ വരെ അനുവദിച്ചിട്ടുണ്ട്‌. സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. പ്ലസ്‌ ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ സംരംഭകരാവാന്‍ അപേക്ഷിക്കാം. രണ്ട്‌ മുതല്‍ അഞ്ച്‌ പേര്‍ വരെയുള്ള പങ്കാളിത്ത സംരംഭങ്ങള്‍ക്കാണ്‌ വായ്‌പ നല്‍കുക. ഒരു സംരംഭകന്‌ ഏഴ്‌ ലക്ഷം എന്ന കണക്കില്‍ ഗ്രൂപ്പിന്‌ പരമാവധി 20 ലക്ഷം ലഭിക്കും.

ടെക്‌നോക്രാറ്റ്‌ വിഭാഗത്തില്‍ പെടുന്ന എഞ്ചിനീയറിങ്‌ ബിരുദധാരികള്‍, എഞ്ചിനീയറിങ്‌ ഡിപ്ലൊമക്കാര്‍, ഡോക്‌ടര്‍മാര്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍, കോസ്റ്റ്‌ ആന്‍ഡ്‌ മാനെജ്‌മെന്റ്‌ അക്കൗണ്ടന്റുമാര്‍, എം.ബി.എ ബിരുദധാരികള്‍ എന്നിവര്‍ക്ക്‌ ഒറ്റക്ക്‌ പദ്ധതികള്‍ തുടങ്ങാം. ഇവര്‍ക്ക്‌ 15 ലക്ഷം വരെ വായ്‌പ ലഭിക്കും. സംരംഭകര്‍ 18 നും 40നും ഇടയില്‍ പ്രായമുളളവരാവണം. സ്ഥിരം ജോലി ഉള്ളവരും വ്യവസായ നടത്തിപ്പിനായി സര്‍ക്കാരിന്റെ മറ്റ്‌ പദ്ധതികളുടെ ആനുകൂല്യം നേടുന്നവരും നിലവിലുള്ള വ്യവസായികളും അപേക്ഷിക്കാന്‍ അര്‍ഹരല്ല. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അണു-സൂക്ഷ്‌മ സംരംഭമായി രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതികളാണ്‌ പരിഗണിക്കുക. കാര്‍ഷികാധിഷ്‌ഠിത പദ്ധതികള്‍ക്കും അപേക്ഷിക്കാം. തിരിച്ചടവ്‌ കൃത്യമെങ്കില്‍ വായ്‌പയ്‌ക്ക്‌ പലിശ ഈടാക്കില്ല.

ഒരു വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പരമാവധി അഞ്ച്‌ വര്‍ഷമാണ്‌ തിരിച്ചടവ്‌ കാലാവധി. പദ്ധതി വിഹിതത്തിന്റെ 90 ശതമാനം വരെ വായ്‌പ ലഭിക്കും. ബാക്കിയുള്ള 10 ശതമാനം സംരംഭകര്‍ മുടക്കണം. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെ.എഫ്‌.സി വഴിയോ ബാങ്കുകള്‍ വഴിയോ വായ്‌പ ലഭ്യമാകും. അപേക്ഷകര്‍ kfc.org ല്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാതല സെലക്ഷന്‍ കമ്മിറ്റി മുഖേനെ ഇന്റര്‍വ്യൂ നടത്തി അര്‍ഹരായ ഗ്രൂപ്പുകളെ തിരഞ്ഞെടുക്കും. സംരംഭകര്‍ക്ക്‌ രണ്ടാഴ്‌ചത്തെ പരിശീലനവും നല്‍കും. വിശദ വിവരങ്ങള്‍ക്ക്‌ കുന്നുമ്മല്‍ മാളിയേക്കല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഫിനാന്‍ഷല്‍ കോര്‍പറേഷന്റെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2734957, 2734959, 9847838029.