പരീക്ഷ കഴിഞ്ഞ്‌ ഒരു മാസത്തിനകം ബിരുദദാനം റിക്കാര്‍ഡുമായി മലയാള സര്‍വകലാശാല

Story dated:Monday September 7th, 2015,06 36:pm
sameeksha sameeksha

MALAYALAMUNIVERSITYMALAPPURAM_zps0e3e20efതിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ആദ്യ ബാച്ച്‌ വിദ്യാര്‍ഥികളുടെ ബിരുദദാനം സെപ്‌റ്റംബര്‍ ഒമ്പത്‌ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. മലപ്പുറം തിരൂര്‍ വാക്കാടുള്ള അക്ഷരം കാംപസില്‍ രാവിലെ 11.30 ന്‌ തുടങ്ങുന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്‌ അധ്യക്ഷനാവും. സി. മമ്മൂട്ടി എം.എല്‍.എ, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. എന്നിവര്‍ പ്രഭാഷണം നടത്തും.
2013 ഓഗസ്‌റ്റ്‌ 27 നാണ്‌ സര്‍വകലാശാലയില്‍ എം.എ ക്ലാസുകള്‍ തുടങ്ങിയത്‌. ഭാഷാശാസ്‌ത്രം, മലയാള സാഹിത്യ പഠനം, മലയാള സാഹിത്യ രചന, സംസ്‌ക്കാര പൈതൃകം, മാധ്യമ പഠനം എന്നിവയില്‍ എം.എ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ 93 വിദ്യാര്‍ഥികള്‍ക്കാണ്‌ ഇന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ കൈമാറുക. ആദ്യ ബിരുദാനന്തര കോഴ്‌സ്‌ തുടങ്ങി നിശ്ചിത സമയത്തിനകം സെമസറ്റര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്‌ സര്‍വകലാശാലയുടെ പ്രവര്‍ത്തന മികവിന്‌ അടയാളമായി. ജൂലൈ 31 മുതല്‍ ഓഗസ്റ്റ്‌ 12 വരെ പരീക്ഷ നടത്തി ഓഗസ്റ്റ്‌ 20 ന്‌ പരീക്ഷാഫലം പ്രസിദ്ധികരിച്ചതും 19 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതും സര്‍വകലാശാല വരും കാലങ്ങളില്‍ മികച്ച മാതൃകയായി പിന്തുടരുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു.
ബിരുദാനന്തര പഠനം പൂര്‍ത്തയാക്കിയ 40 ശതമാനം പേര്‍ക്ക്‌ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കുള്ള സാഹചര്യവും സര്‍വകലാശാല തന്നെ ഒരുക്കിയിട്ടുണ്ട്‌. സര്‍വകലാശാല ഏറ്റെടുത്ത ഓണ്‍ലൈന്‍ മലയാളം ഡിക്ഷ്‌നറി, ഭാഷാഭേദ സര്‍വെ, സംസ്‌കാര പൈതൃക സര്‍വെ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഇവരെ പങ്കാളികളാക്കുന്നുണ്ട്‌.