പരിസ്ഥിതി ചലച്ചിത്രോത്സവം തുടങ്ങി: പച്ചിലക്കൂട്‌ ഉദ്‌ഘാടന ചിത്രം

തിരൂര്‍: തുഞ്ചഴെുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ മൂന്ന്‌ ദിവസത്തെ `പരിസ്ഥിതി ചലച്ചിത്രോത്സവത്തിന്‌ തുടക്കമായി. അന്താരാഷ്‌ട്ര തലത്തില്‍ വനം, ജലം, കാലാവസ്ഥാ ദിനങ്ങള്‍ ആചരിക്കുന്ന മാര്‍ച്ച്‌ 21, 22, 23 ദിവസങ്ങളിലാണ്‌ ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കുന്നത്‌. കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ദുരന്ത പശ്ചാത്തലം പ്രമേയമാക്കി സാജന്‍ സിന്ധു സംവിധാനം ചെയ്‌ത അനിമേഷന്‍ ചിത്രം `പച്ചിലക്കൂട്‌’ ഉദ്‌ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചു. സര്‍വകലാശാല സാമൂഹികശാസ്‌ത്ര വിഭാഗമാണ്‌ ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്‌.
വനം, ജലം, കാലാവസ്ഥ എന്നീ വിഷയങ്ങളെ പ്രമേയമാക്കിയാണ്‌ മേള നടത്തുന്നത്‌. മേളയില്‍ മലയാളം സിനിമക്ക്‌ പുറമെ ഫ്രഞ്ച്‌, ജപ്പാനീസ്‌, മംഗോളിയ, സ്‌പാനിഷ്‌ തുടങ്ങിയ അന്യഭാഷാ ചലചിത്രങ്ങളും ഡോക്യുമെന്ററി, ഷോര്‍ട്ട്‌ ഫിലിം എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.മലയാളം സബ്‌ ടൈറ്റിലുകളോടുകൂടിയാണ്‌ മുഴുവന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുന്നത്‌. യഥാക്രമം എഴുത്ത്‌, പരിസ്ഥിതി, ഫിലിം സൊസൈറ്റി മേഖലകളിലെ വിദഗ്‌ധരായ കെ.രാമചന്ദ്രന്‍, കെ.പി. രവീന്ദ്രന്‍, ആര്‍. നന്ദലാല്‍, എന്നിവര്‍ മലയാളം സബ്‌ടൈറ്റില്‍ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച്‌ സംസാരിച്ചു. തുടര്‍ന്ന്‌ ഇക്യാര്‍ ബൊല്യയ്‌ന്‍ സംവിധാനം ചെയ്‌ത `ഇവന്‍ ദ്‌ റെയ്‌ന്‍’, ജിജി നിലമ്പൂരിന്റെ അമ്മയും ഭൂമിയും ഒന്നാണ്‌, അലന്‍ റെനെയുടെ `നൈറ്റ്‌ ആന്‍ഡ്‌ ഫോഗ്‌’, ഇസാഓ തകഹാതയുടെ `ഗ്രേവ്‌ ഓഫ്‌ ദ ഫയര്‍ഫ്‌ളൈസ്‌’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.