പരിസ്ഥിതി കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഒരേ സമീപനം ;സുഗതകുമാരി

തേഞ്ഞിപ്പലം : സര്‍വ്വകലാശാലകള്‍ക്കുമേലുള്ള പച്ചപ്പുകളെങ്കിലും ശാസ്ത്രീയമായി സംരക്ഷക്കപെടേണ്ടതുണ്ട്. പാടെ അശാസ്ത്രിയമായ ചിന്തകളും, പ്രകടനങ്ങളുമാണ് ക്യാമ്പസുകളില്‍പോലും പച്ചപ്പുകളോട് കാണിക്കുന്നത്. ജൈവ വൈവിദ്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സമൂഹത്തില്‍ ഉദാത്തമായ മാതൃകകളാകാന്‍ യോഗ്യമായത് ശരിക്കും സര്‍വ്വകലാശാലകളാണ്. ജൈവ സമ്പത്ത് സംരക്ഷിക്കാന്‍ അധ്യാപകരും ,വിദ്യര്‍ത്ഥി സമൂഹവും പ്രതിക്ജ്ഞാബദ്ധമാണെന്നും കവയത്രി സുഗതകുമാരി പറഞ്ഞു.
കാലിക്കറ്റ് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംഘടിപ്പിച്ച പരിസ്ഥിതി വര്‍ത്തമാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അടിക്കാടുകളാണ് മണ്ണിന്റെ സ്വാഭാവികതയും, കാടിന്റെ ജൈവികതയും ഹരിതാഭയും പശിമയും നിലനിര്‍ത്തുന്നത്. കെട്ടിടം നിര്‍മിക്കാനും മാവുകള്‍ വെച്ചുപിടിപ്പിക്കാനും എന്ന പേരില്‍ ക്യാമ്പസിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിക്കാടുകള്‍ വെട്ടി തീയിട്ട് നശിപ്പിച്ചത് എന്തിനായിരുന്നു വെന്ന് അവര്‍ ചോദിച്ചു. ആവാസ വ്യവസ്ഥയിലെ അടിസ്ഥാന ജീവികളും സസ്യലതാതികളും കത്തിയമര്‍ന്നുപോയത് സംസ്‌കാര ജീവിയായ മനുഷ്യന്റെ അശാസ്ത്രിയമായ ഇടപെടല്‍ മൂലമാണ്. പരിസ്ഥിതിയോട് സൗഹാര്‍ദ പൂര്‍ണമായ ഒരു സമീപനം സ്വീകരിക്കുന്ന ഒരു സംസ്‌കാരം ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതിയുടെ കാര്യത്തില്‍ ഇടതും വലതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഇ.പി ലീന അധ്യക്ഷയായ ചടങ്ങില്‍ പ്രഫ.ശോഭീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. അബൂബക്കര്‍, ഡോ. ഗോഗുല്‍ ദാസ്, ഡോ. അനില്‍ ചേലേമ്പ്ര, സി. ജംഷിദലി എന്നിവര്‍ സംസാരിച്ചു.