പരപ്പനങ്ങാടി സ്വദേശിനിയെ കണ്ണൂരില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

2 യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍ : പരപ്പനങ്ങാടി സ്വദേശിനിയായ 19 കാരിയാണ് കണ്ണൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ യുവതി വെള്ളിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനിലെത്തിയത്.

ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന യുവതിയെ രണ്ടുയുവാക്കള്‍ സമീപിക്കുകയും പെണ്‍കുട്ടിയിരിക്കുന്ന സ്ഥലം സുരക്ഷിതമല്ലെന്നും ജോലി ശരിയാക്കിത്തരാം എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ അഞ്ചുകണ്ടില്‍ മധ്യവയസ്സ്‌കന്‍ താമസിക്കുന്ന ഒരു മുറിയില്‍ എത്തിക്കുകയും ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം മൂന്നു പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിയുടെ ബഹളം കേട്ട് റോഡിലൂടെ പോവുകയായിരുന്ന ആളുകള്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ഇതോടെ മധ്യ വയസ്‌ക്കന്‍ ഓടി രക്ഷപ്പെടുകയും, യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പിടിയിലായ കണ്ണൂര്‍ സിറ്റി സ്വദേശികളായ മായാചന്ദ്(ടുട്ടു-23), നിഖിലേഷ്(നിഖി-36) എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

യുവതിയെ പോലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.