പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ്‌ഫോമിന് ശാപമോക്ഷം

പരപ്പനങ്ങാടി : നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ച പരപ്പനങ്ങാടി  റെയില്‍വേ പ്ലാറ്റ്‌ഫോറത്തിന് ശാപമോക്ഷം.

 

ഒന്നാംഘട്ടം നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ബില്ലുകള്‍ പാസാവാത്തതിനാല്‍ കഴിഞ്ഞ എട്ടുമാസമായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം പൊളിച്ചിട്ട നിലയിലായിരുന്നു. ഇതിനാല്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ യാത്രക്കര്‍ വലിയ ദുരിതമാണ് അനുഭവിച്ച് കൊണ്ടിരുന്നത്. നിര്‍ത്താത്ത വണ്ടികള്‍ കടന്നുപോകുമ്പോള്‍ പൊടിപടലം സ്റ്റേഷനെ മൂടുകയും മഴപെയ്താല്‍ പ്ലാറ്റ്‌ഫോറം ചളിക്കുളമായി മാറുകയുമായിരുന്നു.

 

അടുത്താഴ്ച തുടര്‍ നിര്‍മാണം ആരംഭിക്കുന്നതോടെ ഇതിനൊരു ശാശ്വത പരിഹാരമാണ് ഉണ്ടാവാന്‍ പോവുന്നത്. പ്ലാറ്റ്‌ഫോറം കോണ്‍ക്രീറ്റ് ചെയ്യുകയും 75 സെ.മി വീതിയില്‍ ഒരറ്റം മുതല്‍ മറ്റേ യറ്റം വരെ ടൈല്‍സ് പതിപ്പിക്കുന്ന പണിയും, പ്ലംബിങ് ജോലികളുമാണ് നടക്കാനുള്ളത്.

 

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോറത്തിന്റെ നവീകരണ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിന്റെ പ്രവര്‍ത്തി റീടെണ്ടര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഫൂട്ട്ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണത്തെ കുറിച്ച്  അധികാരികള്‍ ഇപ്പോഴും മൗനത്തിലാണ്.