പരപ്പനങ്ങാടി ടോള്‍ ബൂത്ത് നിര്‍മ്മാണ ശ്രമം വീണ്ടും തടഞ്ഞു.

പരപ്പനങ്ങാടി: ഡിവൈഡര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് ടോള്‍ ബൂത്ത് നിര്‍മ്മിക്കാനുള്ള അധികൃതരുടെ ശ്രമം ഡിവൈഎഫ്‌ഐ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇന്നുച്ചയോടെ മേല്‍പ്പാലത്തിന് കിഴക്കുവശത്ത് റോഡിന് നടുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരോട് ഡിവൈഡര്‍ നിര്‍മാണമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയ ഡിവൈഡറിന്റെ സ്‌കെച്ചില്‍ ടോള്‍ബൂത്തിനുള്ള സ്ഥലവും മാര്‍ക്ക് ചെയ്തതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍മ്മാണപ്രവൃത്തികള്‍ തടയുകയായിരുന്നു.

സംഭവസ്ഥലത്ത് നേരിയ സംഘര്‍ഷമായതോടെ ആര്‍ഡിഒ ഇടപെട്ട് അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിനായി സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. ജൂണ്‍ 8 നാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം.