കോടതിക്ക് മുന്നില്‍ ബൈക്കിടിച്ച് വക്കീല്‍ മരണപ്പെട്ടു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കരുമാട്ട് മമ്പാട്ട് ജയദേവന്‍ നായര്‍(72) ബൈക്കിടിച്ച് മരിച്ചു. വൈകീട്ട് 4.30 ന് വക്കീലോഫീസില്‍ നിന്ന് കോടതിയിലേക്ക് റോഡുമുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്. ഈ സമയത്ത് അധിവേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഇദേഹത്തെ ഉടനെ തന്നെ തൊട്ടടുത്തുള്ള എ കെ ജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദേഹത്തിന്റെ മൃതശരീരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം ചെയ്ത് മൃതദേഹം ബന്ധുകള്‍ക്ക് വിട്ട്െകാടുക്കും.

ജയദേവന്‍ നായരെ ഇടിച്ച ബൈക്കോടിച്ചിരുന്ന ശ്യംപ്രകാശിനെ പരിുക്കുകളോടെ കോട്ടക്കല്‍ അല്‍മാസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒലിപ്രം സ്വദേശിയായ ഇയാള്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥിയാണ്.

മരണപ്പെട്ട ജയദേവന്‍ നായര്‍ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശിയാണ്. പിതാവ് പരേതനായ കക്കാട് വെലായുധന്‍ കുട്ടി നായര്‍ എന്ന അപ്പു നായര്‍. ഭാര്യ : രാധ. മക്കളില്ല.
ഇദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.