പരപ്പനങ്ങാടിയെ നടുക്കിയ കൊലപാതകം

പരപ്പനങ്ങാടി:  മദ്യപിച്ച് ഭാര്യവീട്ടിലെത്തി ആറുവയസ്സുകാരിയായ മകളുടെയും വൃദ്ധയായ ഭാര്യമാതാവിന്റെയും മുന്നിലിട്ട് ഭറര്‍ത്താവ് ഭാര്യയെ ക്രൂരമായി അടിച്ചു കൊന്നതിന്റെ നടുക്കത്തിലാണ് പരപ്പനങ്ങാടി.

പരപ്പനങ്ങാടി പ്രയാഗ് റോഡിനടുത്തുള്ള പരേതനായ കേടക്കളത്തില്‍ വേലായുധന്റെ മകളായ ഷൈനിയാണ് അതിദാരുണമായി ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. കൃത്യം നടത്തിയ പന്തീരങ്കാവ് സ്വദേശി പെരുമുഖത്ത് താമസിക്കുകയും ചെയ്യുന്ന പുത്തൂര്‍ വീട്ടില്‍ ഷാജി(41)യെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏഴുവര്‍ഷം മുമ്പായിരുന്നു ഇയാള്‍ ഷൈനിയെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് ബികോം ബിരുദധാരിണിയായ ഷൈനി ഒരു സഹകരണ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. പിന്നീട് ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഈ ജോലി ഉപേഷിക്കുകയായിരുന്നു. വീട്ടില്‍വെച്ച് പീഡനം കൂടിയതോടെ രണ്ടുവര്‍ഷമായി ഷൈനി പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഷാജി ഇവിടെയെത്തിയും പലതവണ ഷൈനിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഒരുതവണ വീടിന് തീയിടുകവരെ ചെയ്തു.

നിരന്തര പീഡനത്തിന് വിധേയയായ ഷൈനി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കെ ഇന്നലെ വൈകീട്ട് ഏഴുമണിയെടെ വീട്ടിലെത്തിയി ഷാജി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. 11 മണിയോടെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയ ഷാജി പണിമുടക്കുമൂലം വാഹനം കിട്ടാത്തത്തിനെ തുടര്‍ന്ന ചേളാരിയില്‍ പോയി തിരികെയെത്തുകയായിരുന്നു. പിന്നീട് വീടിനുള്ളില്‍ വെച്ച് മേശയുടെ കാല്‍ വലിച്ചൂരി അതുപയോഗിച്ച് ഷൈനിയുടെ തലയ്ക്കും ശരീരത്തിലും ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ ഷൈനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മര്‍ദ്ദനം തടയന്‍ ശ്രമിച്ച ഷൈനിയുടെ അമ്മ കമലത്തിനും (51) സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡിവൈഎസ്പി സെയ്തലവി, സിഐ സന്തോഷ്, എസ്‌ഐ ശശീധരന്‍ കോഡൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഫോറന്‍സിക്, വിരലടയാള വിഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിനുപയോഗിച്ച മേശയുടെ കാല്‍, കത്തി എന്നിവ പോലീസ് കണ്ടെടുത്തു..

മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഷൈനിയുടെ ഏക മകള്‍ ദിയ പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്..

ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി