പരപ്പനങ്ങാടിയില്‍ 5 കോടിയുടെ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു.പരപ്പനങ്ങാടി: കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് ഇനി പരപ്പനങ്ങാടിയും. പരപ്പനങ്ങാടിയിലെ പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങള്‍ കോര്‍ത്തിണക്കി ഒരു ടൂറിസം സ്വപനപദ്ധതി സാധ്യമാകുന്നു. ഇതിനായി പരപ്പനങ്ങാടി പഞ്ചായത്തിലെ കീരനെല്ലൂര്‍, കല്‍പ്പുഴ തടാകം, കെട്ടുങ്ങല്‍ അഴിമുഖം എന്നീ ടൂറിസ്റ്റ് സാധ്യതാപ്രദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിമാരായ എ.പി. അനില്‍കുമാറും പി.കെ. അബ്ദുറബ്ബും സന്ദര്‍ശിച്ചു.

ഇതില്‍ കീരനെല്ലൂര്‍ പദ്ധിതിക്കാണ് ആദ്യഘട്ടത്തില്‍ തുക വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 5 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. മെയ് ആദ്യവാരം നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.


ഇത് ഇക്കോടൂറിസം പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കീരനെല്ലൂര്‍, ന്യൂക്കട്ട്, പാലങ്ങല്‍ക്കിടയിലുള്ള 1000 മീറ്റര്‍ ദൂരമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇവിടെ ബാംബു ഗാര്‍ഡന്‍, ഫ്‌ളോട്ടിംങ് പ്ലാറ്റ്‌ഫോം, കുട്ടികള്‍ക്കായി സേഫ് സോണ്‍ കളികേന്ദ്രം, നാടന്‍ ചന്ത, ബോട്ടിംഗ് എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതിനോട് ചേര്‍ന്ന് വിദ്യഭ്യാസ വകുപ്പിന് കീഴില്‍ എജു പ്ലാനറ്റോറിയം കൂടി സ്ഥാപിക്കുമെന്നും ഇതിനായി കൃഷിവകുപ്പിന്റെ സ്ഥലം കൂടി ഉപയോഗപ്പെടുത്തും.

നാടന്‍ ചന്തയില്‍ ‘ജൈവവിളകള്‍’ മാത്രമായിരിക്കും വില്‍പ്പന നടത്തുക. ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന ബോട്ടിംങ് യാര്‍ഡ് കെ.ടി.ഡി.സിയുടെ ഓഫീസുകളാക്കി മാറ്റും.
തീരദേശ ഹൈവേയുടെ ഭാഗമായി നിര്‍മിക്കാനൊരുങ്ങുന്ന കെട്ടുങ്ങല്‍ പാലത്തിന് 28 കോടിയുടെ നബാര്‍ഡ് സഹായം ലഭിച്ചിട്ടുണ്ട്. ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടം വിദൂരവിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതോടൊപ്പം തന്നെ കീരനല്ലൂര്‍ ബോട്ടിംഗ് സംവിധാനം കെട്ടുങ്ങലിലേക്ക് നീട്ടാനും പദ്ധതിയുണ്ട്.

കാവിന്‍ ഇന്റര്‍ നാഷണല്‍ കമ്പനി പാട്ടത്തിനെടുത്തിരിക്കുന്ന കല്‍പ്പുഴ തടാകം അവരുടെ സഹകരണത്തോടെ ഭാവിയില്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. കീരനല്ലൂര്‍ ന്യൂക്കട്ട് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പരപ്പനങ്ങാടിയുടെ വികസനത്തില്‍ വന്‍ കുതിച്ചുകയറ്റം തന്നെയാണ് ഉണ്ടാവാന്‍ പോകുന്നതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.