പരപ്പനങ്ങാടിയില്‍ പുഴയിലും റോഡരികിലും മാലിന്യം തള്ളുന്നയാളെ നാട്ടുകാര്‍ പിടികൂടി

Untitled-1പരപ്പനങ്ങാടി: മാലിന്യം പുഴയിലും റോഡരികിലും തള്ളുന്നയാളെ നാട്ടുകാര്‍ പിടികൂടി. പരപ്പനങ്ങാടി ഉള്ളണം കുണ്ടംകടവ്‌ പാലത്തിനടുത്താണ്‌ മാലിന്യം തള്ളാനെത്തിയയാളെ നാട്ടുകാര്‍ തന്ത്രപരമായി പിടികൂടിയത്‌. മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ഹോട്ടല്‍ നടത്തുന്ന പരപ്പനങ്ങാടി സ്വദേശിയാണ്‌ പിടിയിലായത്‌.

ഹോട്ടലിനെ മാലിന്യം ചാക്കുകളിലാക്കി പുഴയിലും റോഡരികിലും തള്ളുന്ന വരെ പിടികൂടാനായി നാട്ടുകാര്‍ കാത്തിരുന്ന്‌ നിരീക്ഷണം നടത്തി വരികയായിരുന്നു. പന്ത്രണ്ടാം വാര്‍ഡിലെ അയല്‍സഭയാണ്‌ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ തീരുമാനിച്ചത്‌. ഇതിനിടയിലാണ്‌ ഇയാള്‍ പിടിയിലായി. മാലിന്യ ചാക്കുകെട്ടുകള്‍ താന്‍ തള്ളിയതാണെന്നും തള്ളിയ മാലിന്യം താന്‍തന്നെ എടുത്ത്‌ മാറ്റിക്കൊള്ളാമെന്നും ഇയാള്‍ പോലീസിന്റെ സാനിദ്ധ്യത്തില്‍ നാട്ടുകാര്‍ക്ക്‌ ഉറപ്പു നല്‍കി. ഇതെതുടര്‍ന്ന്‌ ഇയാളെ പോലീസ്‌ വിട്ടയ്‌ച്ചു. ഞായറാഴ്‌ച രണ്ട്‌ മറുനാടന്‍ തൊഴിലാളികളുമായി സ്ഥലത്തെത്തിയ ഇയാള്‍ മാലിന്യം ഇവിടെ നിന്ന്‌ നീക്കി.