പരപ്പനങ്ങാടിയില്‍ നാളെ വൈകീട്ട് മുതല്‍ ടോള്‍ പിരിക്കും;ജില്ലാകലക്ടര്‍

പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വെ മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുനരാരംഭിക്കുമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു അറിയിച്ചു. സമര സമിതി നേതാക്കളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകായായിരുന്നു അദ്ദേഹം ടോള്‍ പിരിവില്‍ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ എം.ഡി യുമായി ചര്‍ച്ച ചെയ്ത് തീരുമാനം നാളെ രാവിലെ പത്തിന് സമര സമിതി നേതാക്കളെ അറിയിക്കുമെന്ന് കലക്റ്റര്‍ പറഞ്ഞു. ടോള്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. പ്രദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും കലക്റ്റര്‍ പറഞ്ഞു.

യോഗത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും ടോള്‍പിരിവുമായി മുന്നോട്ട് പോക്ാമെന്ന് പറഞ്ഞപ്പോള്‍ സിപിഐയും സിപിഎമ്മും പരപ്പനങ്ങാടിയിലെ പ്രത്യേക സാഹചര്യം വിലയിരുത്തി പരപ്പനങ്ങാടി പഞ്ചായത്തിലുള്ളവരെ ടോള്‍പിരിവില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യമാണ് ഉന്നയിച്ചത്. ബി ഒ ടി വ്യവസ്ഥയില്‍ ടോള്‍ പിരിക്കുന്നതിന് തങ്ങളെതിരെല്ലെന്ന് ഊന്നിപറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഐഎന്‍എല്‍, എസ്ഡിപിഐ സോളിഡാരിറ്റി തുടങ്ങിയ കക്ഷികളുടെ പ്രതിനിധികള്‍ ടോള്‍പിരിവിനെ ശക്തമായി എതിര്‍ത്തു.

പരപ്പനങ്ങാടി പഞ്ചായത്തിലുള്ളവരെ പൂര്‍ണമായും ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കുക, പാലത്തില്‍ സഞ്ചരിക്കുന്നതിന് പ്രദേശ വാസികള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ നല്‍കണം, ടാക്‌സികള്‍ക്കുള്ള ടോള്‍ രണ്ട് രൂപയാക്കണം, പ്രദേശവാസികള്‍ക്കുള്ള സൗജന്യ നിരക്ക് ടാക്‌സികള്‍ക്കും ലഭ്യമാക്കണം എന്നീ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കലക്റ്ററുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ എം.പി ടി.കെ ഹംസ, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എ.ഡി.എം പി. മുരളീധരന്‍, ജില്ലാ പൊലീസ് മേധാവി വി. മഞ്ജുനാഥ്, ഇ പി മുഹമ്മദാലി, തെക്കേപ്പാട്ട് അലി, ജനചന്ദ്രന്‍ മാസ്റ്റര്‍, തുടിശ്ശേരി കാര്‍ത്തികേയന്‍, ഉള്ളേരി ഉണ്ണി, സിറാജ്, സിദ്ധാര്‍ത്ഥന്‍, സക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.