പരപ്പനങ്ങാടിയില്‍ നാടോടികളുടെ വിളയാട്ടം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യപിച്ച് മദോന്‍മത്തരായ നാടോടികളുടെ വിളയാട്ടം ഏറിവരുന്നു. സ്ത്രീകളും പുരുഷന്‍മാരും അടക്കം അന്‍പതോളം വരുന്ന നാടോടി സംഘം തമ്പടിക്കുന്നത് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോറത്തിലും റെയില്‍വേ ഗേറ്റിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തുമാണ്.
ഇന്നലെ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം കലശലായ അടിയിലാണ് അവസാനിച്ചത്. മദ്യപിച്ചെത്തിയ ഒരു നാടോടി യുവാവ് ഇവരുടെ കൂടെയുള്ള ഒരു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ കല്ലേറും നടത്തി. ഈ സമയത്ത് പ്ലാറ്റ്‌ഫോറത്തിലുണ്ടായിരുന്ന യാത്രക്കാര്‍ കല്ലേറില്‍ നിന്ന് തലനാരിഴക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് സ്ഥലം വിട്ട ഇവര്‍ രാത്രി 10 മണിയോടെ തിരിച്ചെത്തുകയും വീണ്ടും തമ്മിലടിക്കുകയുമായിരുന്നു. രാവിലെയും റെയില്‍വേ പ്ലാറ്റ് ഫോറത്തില്‍ വെച്ച് അടിയുണ്ടായി.
തമിഴ് സിനിമയിലെ വയലന്‍സിനെ വെല്ലുന്ന ഇത്തരം അടികളില്‍പെട്ടുപോകുന്നത് പാവപ്പെട്ട യാത്രക്കാരാണ്. പ്ലാറ്റ്‌ഫോറം മുറിച്ചുകടക്കുന്നിടത്തും പ്ലാറ്റഫോറത്തിലും ഇരിക്കുന്ന ഇവര്‍ക്കിടയിലൂടെ കടന്നുപോകാന്‍ സ്ത്രീകളും കുട്ടികളും നന്നെ കഷ്ടപ്പെടുകയാണ്. പകല്‍ എവിടെയാണെന്നറിയാത്ത ഇവര്‍ വൈകുന്നേരങ്ങളില്‍ ഇവിടെ തമ്പടിക്കുന്നത് കൈനിറയെ പണവുമായാണ്. ഇവര്‍ മയക്കുമരുന്ന് കച്ചവടക്കാരുടെ കാരിയര്‍മാരാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.

 

vijesh ariyalloor

ഇവരുടെ ശല്യം കാരണം യാത്രക്കാര്‍ പരാതിപ്പെടുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ നിരവധി തവണ പരപ്പനങ്ങാടി പോലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പോലീസിന്റെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങള്‍.