പരപ്പനങ്ങാടിയില്‍ എല്‍.ബി.എസ്‌ ഇന്റഗ്രേറ്റഡ്‌ ഇന്‍സിസ്‌റ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ശിലാസ്ഥാപനം

Story dated:Friday February 26th, 2016,06 34:pm
sameeksha sameeksha

പരപ്പനങ്ങാടിയില്‍ സ്ഥാപിക്കുന്ന എല്‍.ബി.എസ്‌ ഇന്റഗ്രേറ്റഡ്‌ ഇന്‍സിസ്റ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സെന്ററിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 27 ന്‌ വൈകീട്ട്‌ 4.30 ന്‌ പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. പദ്ധതിയോടനുബന്ധിച്ചുള്ള എല്‍.ബി.എസ്‌ മോഡല്‍ ഡിഗ്രി കോളെജജ്‌ ശിലാസ്ഥാപനം, താത്‌ക്കാലിക കെട്ടിടത്തില്‍ ആരംഭിക്കുന്ന കോളെജിന്റെ ഉദ്‌ഘാടനം എന്നിവ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്‌ നിര്‍വ്വഹിക്കും. എല്‍.ബി.എസ്‌ സബ്‌ സെന്റര്‍ ഉദ്‌ഘാടനം ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി. നിര്‍വഹിക്കും. ഫെബ്രുവരി 27 ന്‌ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുക.
എഞ്ചിനീയറിങ്‌, പോളിടെക്‌നിക്‌, അപ്ലൈഡ്‌ സയന്‍സ്‌ തുടങ്ങിയ ഫാക്കല്‍റ്റികള്‍ മോഡല്‍ ഡിഗ്രി കോളേജിലുണ്ടാകും. എല്‍.ബി.എസ്‌ സബ്‌സെന്ററില്‍ എഞ്ചിനീയറിങ്‌ കണ്‍സല്‍ട്ടന്‍സി ആന്റ്‌ ഇന്‍ഡ്രസ്‌ട്രിയല്‍ ടെസ്റ്റിങ്‌ അടക്കമുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. പരപ്പനങ്ങാടി എന്‍.സി.സി റോഡിലെ എം.എച്ച്‌ ആര്‍ക്കേഡിലാണ്‌ മോഡല്‍ ഡിഗ്രി കോളേജും എല്‍.ബി.എസ്‌ സബ്‌ സെന്ററും താല്‍ക്കാലികമായി തുടങ്ങുന്നത്‌. 125 കോടി ചെലവിലുള്ള പദ്ധതി പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്തെ നെയ്‌തല്ലൂരില്‍ നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിനായി 31 ഏക്കര്‍ ഏറ്റെടുക്കേണ്ടതുണ്ട്‌. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ മൂന്ന്‌ വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ എല്‍.ബി.എസ്‌ ഡയറക്ടര്‍ ജയകുമാര്‍ പറഞ്ഞു.