പനി പടരുന്നു; മതിയായ മരുന്നില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍

മലപ്പുറം: പകര്‍ച്ച വ്യാധികള്‍ ദിനം പ്രത്രി വര്‍ദ്ധിച്ചുകൊണ്ടിരിക്കേ സര്‍ക്കാര്‍ ആശുപത്രികള്‍ കടുത്ത മരുന്നു ക്ഷാമത്തിലേക്ക്. പ്രധാനമായും ഐവീ ഫ്‌ളൂയിഡിനാണ് ക്ഷാമം നേരിടുന്നത്. മാസങ്ങളായി ഈ ക്ഷാമം നിലനില്ക്കുകയാണ്. ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ ഉയര്‍ന്ന വില നല്‍കി രോഗികള്‍ പുറത്ത് നിന്ന് മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ്.

അതേ സമയം സര്‍ക്കാര്‍ ആശുപത്രികളില്‍ യഥാ സമയം മരുന്ന് വിതരണത്തിന് ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മരുന്നുകള്‍ക്ക് വാര്‍ഷിക ഇന്‍ഡന്റ് ആണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കുന്നത്. ഒരു വര്‍ഷം ആവശ്യമായി വരുന്ന മരുന്നിന്റെ 60 ശതമാനവും ചിലവാക്കുന്നത് മഴക്കാലം ശക്തമാകുന്ന മൂന്നു മാസത്തിനിടയിലാണ്. എന്നാല്‍ ഈ കാര്യം പരിഗണിച്ച് മഴക്കാലത്ത് കൂടുതലായി മരുന്നുകള്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടി കാണിക്കുന്നു. ഇതിനു പുറമെ ഇന്‍സുലിന്‍ കൊളസ്‌ട്രോള്‍ മരുന്നുകളും ഇല്ലാത്ത സ്ഥിതിയുണ്ട്.

തിരുവനന്തപുരം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. ഡെങ്കി രോഗ ലക്ഷണങ്ങള്‍ കണ്ട 11 പേര്‍ കൂടി ജില്ലയില്‍ ചികില്‍സ തേടിയിട്ടുണ്ട്. കൂടാതെ വയറിളക്കം ബാധിച്ച് 542 പേര്‍ കൂടി ചികില്‍സ തേടിയിട്ടുണ്ട്
പകര്‍ച്ച വ്യാധി നിയന്ത്രണത്തിനായി സര്‍ക്കാരിന് കീഴില്‍ റീച്ച് എന്ന സ്ഥാപനം നിലവില്‍ ഉണ്ടെങ്കിലും അതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താതിരിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.