പനങ്ങാട്ടൂരില്‍ വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്

താനൂര്‍: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് താനൂര്‍ പനങ്ങാട്ടൂരില്‍ വീട് തകര്‍ന്ന് വീട്ടുടമസ്ഥക്ക് പരിക്കേറ്റു. പനങ്ങാട്ടൂര്‍ വലിയപറമ്പില്‍ കുഞ്ഞിമോള്‍ (65)ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ശക്തമായ കാറ്റിലാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഓട്‌മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി.

 

അപകട സമയത്ത് വീടിനകത്ത് 2 കുട്ടികളടക്കം അഞ്ച് പേര്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. പരിക്കേറ്റ കുഞ്ഞിമോളെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനപ്രതിനിധികളും വില്ലേജ് അധികൃതരും അപകടസ്ഥലം സന്ദര്‍ശിച്ചു.