പത്​മ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു; യേശുദാസിന്​ പത്​മവിഭൂഷൺ

ന്യൂഡല്‍ഹി: സംഗീതത്തിലും കലയിലും കവിതയിലും സ്പോര്‍ട്സിലും തിളങ്ങുന്ന മലയാളത്തിന്‍െറ പ്രതിഭകള്‍ക്ക് രാജ്യത്തിന്‍െറ ആദരം. ഗാനഗന്ധര്‍വന്‍ യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷിയമ്മ എന്നിവര്‍ക്ക് പദ്മശ്രീ. രാജ്യത്തിന്‍െറ രണ്ടാമത്തെ ഉന്നത സിവിലിയന്‍ ബഹുമതിയാണ് യേശുദാസിനെ തേടിയത്തെിയത്.

റിപ്പബ്ളിക്ദിനം പ്രമാണിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പദ്മപുരസ്കാരങ്ങള്‍ക്ക് നിരവധി രാഷ്ട്രീയ നേതാക്കളും അര്‍ഹരായി. എന്‍.സി.പി നേതാവ് ശരദ് പവാര്‍, ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി, ലോക്സഭ മുന്‍ സ്പീക്കര്‍ അന്തരിച്ച പി.എ. സാങ്മ, ഒരു മാസം മുമ്പ് അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുന്ദര്‍ലാല്‍ പട്വ എന്നിവര്‍ പദ്മവിഭൂഷണ്‍ നേടി.

തമിഴ്നാട്ടിലെ ആത്മീയ പ്രമുഖന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്, പ്രഫ. ഉഡുപ്പി രാമചന്ദ്ര റാവു (കര്‍ണാടക) എന്നിവരാണ് പദ്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍. ഏഴു പേര്‍ക്കു വീതമാണ് പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ പുരസ്കാരം. 75 പേര്‍ക്കാണ് പദ്മശ്രീ. പദ്മ പുരസ്കാരം ലഭിച്ചവരില്‍ അഞ്ചുപേര്‍ മറുനാട്ടുകാരാണ്. ആറു പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പദ്മ സമ്മാനിക്കുന്നത്.

ഇക്കുറി മലയാളികള്‍ക്ക് പദ്മഭൂഷണ്‍ ഇല്ല. അന്തരിച്ച ചോ രാമസ്വാമി, ബിഹാറില്‍നിന്നുള്ള യോഗ ഗുരു സ്വാമി നിരഞ്ജന നന്ദ സരസ്വതി, ഗുജറാത്തിലെ ആത്മീയ ഗുരു രത്നസുന്ദര്‍ മഹാരാജ്, വിദ്യാഭ്യാസ പ്രമുഖന്‍ ഡോ. ദേവിപ്രസാദ് ദ്വിവേദി-യു.പി, രാജസ്ഥാനിലെ സംഗീതപ്രതിഭ വിശ്വമോഹന്‍ ഭട്ട്, തായ്ലന്‍ഡ് രാജ്ഞി മഹാചക്രി സിരിന്ധോണ്‍ എന്നിവരാണ് പദ്മഭൂഷണ്‍ നേടിയത്.

ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മാലിക്, ഒളിമ്പിക്സ് മെഡല്‍ തലനാരിഴക്ക് വഴുതിപ്പോയ ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍, പാരാലിമ്പിക്സ് മെഡല്‍ ജേതാവായ അത്ലറ്റ് ദീപ മാലിക്, പാരാലിമ്പിക്സ് ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ പദ്മശ്രീ ലഭിച്ച കായികപ്രതിഭകളില്‍ ഉള്‍പ്പെടുന്നു.

ഭാരതി വിഷ്ണുവര്‍ധന്‍-സിനിമ, ടി.കെ. മൂര്‍ത്തി-സംഗീതം, അനുരാധ പൗദ്വാള്‍-സംഗീതം, ടി.കെ. വിശ്വനാഥന്‍-പൊതുസേവനം, കന്‍വല്‍ സിബല്‍-പൊതുസേവനം, മൈക്കിള്‍ ഡാനിനോ-എഴുത്തുകാരന്‍, ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് തെലങ്കാന-മെഡിസിന്‍, ജിനാഭായ് പട്ടേല്‍-കൃഷി, ഗിരിരാജ് ഭരദ്വാജ്-സാമൂഹികപ്രവര്‍ത്തനം, അനുരാധ കൊയ്രാള-സാമൂഹികപ്രവര്‍ത്തനം എന്നിവര്‍ പദ്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.