പത്താന്‍കോട്ട് അന്വേഷണ ഉദ്യാഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

thansil-ahammedലക്‌നൗ:ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച ദേശീയ അന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഐഎയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന തന്‍സില്‍ അഹമ്മദാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ബിജ്‌നോറിലെ സഹസ്പൂര്‍ ജില്ലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന തന്‍സിലിനേയും ഭാര്യയേയും, ബൈക്കിലെത്തിയ അക്രമിക സംഘം വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടി ശബ്ദം കേട്ടെത്തിയവരാണ് ചോരയില്‍ കുളിച്ചു കിടന്ന തന്‍സിലിനേയും ഭാര്യയേയും മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അല്‍പസമയത്തിനകം തന്നെ തന്‍സില്‍ മരണപ്പെട്ടു.

ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. പത്താന്‍കോട്ട് ആക്രമണം അന്വേഷിച്ച സംഘത്തിലെ ഉദ്യാഗസ്ഥനാണ് കൊല്ലപ്പെട്ട് തന്‍സില്‍. സംഭവത്തിന് പത്താന്‍കോട്ട് ആക്രമണവുമായുള്ള ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ല.അക്രമികളെ കണ്ടെത്താന്‍ എന്‍ഐഎയും പൊലീസും സംയുക്ത അന്വേഷണം ഊര്‍ജിതമാക്കി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.