പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി  എം വെങ്കയ്യനായിഡുവിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി ; രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി  എം വെങ്കയ്യനായിഡുവിനെ തെരഞ്ഞെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ഥിയായ നായിഡുവിന് 516 വോട്ടും പ്രതിപക്ഷ പാര്‍ടികളുടെ സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് 244 വോട്ടും ലഭിച്ചു. 11 വോട്ട് അസാധുവായി. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലക്കാരനായ നായിഡു രണ്ടു തവണ കേന്ദ്രമന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ ബിജെപി ദേശീയ അധ്യക്ഷനായിരുന്നു. ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയുടെ കാലാവധി 10ന് അവസാനിക്കും. വെങ്കയ്യ നായിഡു 11ന് സ്ഥാനമേല്‍ക്കും.

ശനിയാഴ്ച പകല്‍ 10 മുതല്‍ അഞ്ചുവരെ പാര്‍ലമെന്റ് മന്ദിരത്തിലെ 62-ാം നമ്പര്‍ മുറിയിലായിരുന്നു വോട്ടെടുപ്പ്. 98.21 ശതമാനമായിരുന്നു പോളിങ്. ഇരു സഭയിലെയുമായി വോട്ടവകാശമുള്ള മൊത്തം 785 എംപിമാരില്‍ 14 പേര്‍ വോട്ടുചെയ്തില്ല. വൈകി എത്തിയതിനാല്‍ മുസ്ളിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുള്‍വഹാബിനും വോട്ടുചെയ്യാനായില്ല.

പതിനഞ്ചാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ഈ പദവിയില്‍ എത്തുന്ന 13-ാമത്തെ വ്യക്തിയാണ് നായിഡു. പ്രഥമ ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും നിലവിലെ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. പിന്തുണയ്ക്ക് പ്രധാനമന്ത്രിയോടും ബിജെപി നേതാക്കളോടും നന്ദിയുണ്ടെന്ന് നായിഡു പറഞ്ഞു.