പട്ടേല്‍ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിന്‌ ജാമ്യം ലഭിച്ചു

Hardik-Patelസൂറത്ത്‌: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ക്ക്‌ സംവരണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തുന്ന പട്ടീധര്‍ അനാമത്‌ ആന്ദോളന്‍ സമിതി (പാസ്‌) നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിനെ അറസ്റ്റ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം വിട്ടയച്ചു. ശനിയാഴ്‌ച അനുമതിയില്ലാതെ റാലി നടത്താന്‍ ശ്രമിച്ചു എന്ന കാരണത്തിനായിരുന്നു ഹാര്‍ദിക്കിനെ അറസ്റ്റ്‌ ചെയ്‌തത്‌.

78 ഓളം പ്രക്ഷോഭകരെയും ഹാര്‍ദിക്കിനൊപ്പം അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ക്കും സൂറത്ത്‌ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചു. ഇതേ തുടര്‍ന്ന്‌ ശനിയാഴ്‌ച രാത്രിതന്നെ ഇവരെ വിട്ടയച്ചു. പട്ടേലുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഏകത യാത്രയ്‌ക്ക്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ വെള്ളിയാഴ്‌ച അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സമാധാനപരമായി റാലി നയിക്കുമെന്നാണ്‌ പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചിരുന്നത്‌.

പട്ടേല്‍ വിഭാഗക്കാര്‍ കഴിഞ്ഞമാസം നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയും പത്ത്‌ പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ റാലിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്‌. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകമാനം മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിരോധിച്ചിരുന്നു.