പഞ്ചായത്ത്‌ ഓഫീസ്‌ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്നു

imagesഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. വിവാഹ-ജനന- മരണ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ഓണ്‍ലൈനാക്കിയതിന്‌ പുറമെ കെട്ടിട നികുതി അടയ്‌ക്കല്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌, റസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം എന്നിവയും ഓണ്‍ലൈനാക്കുകയാണ്‌. ഓഗസ്റ്റില്‍ പദ്ധതി നടപ്പാക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത ‘സഞ്ചയ’ സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചാണ്‌ സമ്പൂര്‍ണ കംപ്യൂട്ടര്‍വത്‌ക്കരണം നടപ്പാക്കുന്നത്‌.

സംവിധാനം പൂര്‍ണമാകുന്നതോടെ ജനങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ ഓഫിസുകളിലെത്താതെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാനാകും. പഞ്ചായത്തുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്‌. ഇതിനകം ഏഴ്‌ പഞ്ചായത്തുകള്‍ക്ക്‌ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി രൂപവത്‌ക്കരണവും നിര്‍വഹണവും പൂര്‍ണമായും കംപ്യൂട്ടര്‍വത്‌ക്കരിച്ചിട്ടുണ്ട്‌്‌.

ജനന-മരണ- വിവാഹ രേഖകള്‍ ഓണ്‍ലൈനില്‍: ഡിജിറ്റൈസേഷനില്‍ റിക്കോഡിട്ട്‌ മലപ്പുറം
1970 മുതല്‍ നടന്നിട്ടുളള ജനന-മരണ വിവാഹ രജിസ്‌ട്രഷനുകളുടെ രജിസ്റ്ററുകളിലെ രേഖകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുക വഴി സിവില്‍ രജിസ്‌ട്രേഷന്‍ രംഗത്ത്‌ മലപ്പുറം മാതൃകയാകുന്നു.1970 മുതല്‍ 1999 വരെയുളള രജിസ്‌ട്രേഷനുകള്‍ ഇംഗ്ലീഷിലും 2000 മുതല്‍ 2007 വരെയുളളത്‌ മലയാളത്തിലും ശേഷമുളള രജിസ്‌ട്രേഷനുകള്‍ രണ്ട്‌ ഭാഷകളിലും ലഭ്യമാണെന്ന്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.ജില്ലയില്‍ ഇതുവരെ 31,97,634 ജനന-മരണ-വിവാഹ റിക്കോഡുകള്‍ ഡിജിറ്റെസ്‌ ചെയ്‌തു.ജില്ലയിലാണ്‌ ആദ്യമായി ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയത്‌.
ജില്ലയിലെ 100 പഞ്ചായത്തുകളിലെ രേഖകളും ഡിജിറ്റൈസ്‌ ചെയ്‌തു. നഗരസഭയില്‍ 8,81,195ഉം ഗ്രാമപഞ്ചായത്തുകളില്‍ 17,44,614 ഉം ജനന റിക്കോഡുകള്‍ ഡിജിറ്റൈസ്‌ ചെയ്‌തു. മരണ റിക്കോഡുകള്‍ 1,06,281 എണ്ണം നഗരസഭയിലും 3,65,499 എണ്ണം ഗ്രാമ പഞ്ചായത്തിലും ഡിജിറ്റൈസ്‌ ചെയ്‌തു. എല്ലാ മതവിഭാഗങ്ങളുടേതുമായി 5029 വിവാഹ റിക്കോഡുകള്‍ നഗരസഭയിലും 57,510 എണ്ണം പഞ്ചായത്തിലും ഡിജിറ്റെസ്‌ ചെയ്‌തു.cr.lsgkerala.gov.in ല്‍ സംസ്ഥാനത്ത്‌ നടക്കുന്ന മുഴുവന്‍ രജിസ്‌ട്രേഷനുകളും അപ്‌ഡേറ്റ്‌ ചെയ്യുന്നുണ്ട്‌. വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ വിവരങ്ങള്‍ പരിശോധിക്കാം.