പഞ്ചായത്തുകളുടെ അനാസ്ഥയുടെ പ്രതീകങ്ങളായി കുടിവെള്ള പദ്ധതികള്‍; താനൂര്‍ മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

താനൂര്‍: താനൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. അധികൃതരും ജനപ്രതിനിധികളും വാക്കുപാലിക്കാത്തതു മൂലം ജനം നെട്ടോട്ടമോടുകയാണ്. വേനല്‍ ശക്തമാകുന്നതോടെ ജലക്ഷാമം രൂക്ഷമാകുന്നത് താനൂരിലെ പതിവ് കാഴ്ചയാണ്. താനൂരിന്റെ കിഴക്കന്‍ മേഖല കുടിവെള്ളം ലഭിക്കാത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുമ്പോള്‍ പടിഞ്ഞാറന്‍ മേഖലയില്‍ ശുദ്ധജല ക്ഷാമമാണ് പ്രതിസന്ധി തീര്‍ക്കുന്നത്. താനൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖല അറബിക്കടലിനോടും കനോലി കനാലിനോടും ഓരം ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ശുദ്ധജല ക്ഷാമം. ഒട്ടുംപുറം മുതല്‍ പുതിയകടപ്പുറം വരെ നീണ്ടുകിടക്കുന്നതാണ് താനൂരിന്റെ തീരമേഖല.

 
ചിറക്കല്‍ പടിഞ്ഞാറ് ഭാഗം, പുന്നൂക്കില്‍ അംബേദ്കര്‍ കോളനി, കാരാട് കോളനി, പുത്തന്‍പള്ളി കോളനി, തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. കനോലി കനാലിലും പൂരപ്പുഴയിലും ഉപ്പുവെള്ളം നിറയുന്നത് മൂലം പരിസരങ്ങളിലെ നിരവധി കിണറുകളില്‍ ഉപ്പുരസം കലര്‍ന്നിരിക്കുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രദേശവാസികള്‍ ജലം സംഭരിക്കുന്നത്. ജലനിധി അടക്കമുള്ള പദ്ധതികള്‍ ഇവിടെയുണ്ടെങ്കിലും അശാസ്ത്രീയതയും കാര്യക്ഷമമല്ലാത്തത് മൂലവും പദ്ധതികള്‍ തകിടം മറിഞ്ഞു. ജനപ്രതിനിധികള്‍ പ്രദേശങ്ങളില്‍ നിരവധി പദ്ധതികള്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവ പ്രാവര്‍ത്തികമാക്കാന്‍ നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിന് എതിരെ കോളനികളില്‍ സ്ത്രീകളടക്കമുള്ളവര്‍ ശക്തമായി രംഗത്ത് വരാറുണ്ട്.
കുടിവെള്ള ക്ഷാമത്തിന് പേരുകേട്ട സ്ഥലമാണ് ഒഴൂര്‍. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഒഴൂരിന്റെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളം ലഭിക്കാത്തത് മൂലമുള്ള ജനങ്ങളുടെ ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. മണലിപ്പുഴ, കുന്നേക്കാട്, വെള്ളച്ചാല്‍, ചുരങ്ങര, തലക്കട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന കാഴ്ച കരളലിയിക്കുന്നതാണ്. എം പി, എം എല്‍ എ, പഞ്ചായത്ത് ഫണ്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് അഞ്ചോളം പദ്ധതികള്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയായി തുടരുകയാണ്. പഞ്ചായത്തിന്റെയും മറ്റും അനാസ്ഥയുടെ പ്രതീകങ്ങള്‍ കൂടിയാണ് കുടിവെള്ള പദ്ധതികള്‍. പ്രദേശത്തെ ഏറെ വിവാദമായ കുന്നേക്കാട് കുടിവെള്ള പദ്ധതിയുടെ ടാങ്കും അനുബന്ധ വസ്തുക്കളും അഗ്നിക്കിരയാക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. കുടിവെള്ള പദ്ധതികള്‍ക്കായി ലക്ഷങ്ങള്‍ പൊടിച്ചിട്ടും ജലം കിട്ടാക്കനിയായി മാറിയത് പ്രദേശത്തുകാരെ അമര്‍ഷത്തിലാക്കിയിട്ടുണ്ട്. പഞ്ചായത്തിനെതിരെ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

 
പൊന്മുണ്ടം പഞ്ചായത്തിലും സ്ഥിതി മറിച്ചല്ല. കാവനാട്, ചോലപ്പുറം, കുഴിമ്പ്രക്കാട്, പറമ്പിന്‍ മുകള്‍, ആദൃശ്ശേരി, ആരോഗ്യപടി തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ഉള്ള പദ്ധതികള്‍ നോക്കുകുത്തിയായതും പുതിയതിന് നടപടിയില്ലാത്തതും ആണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പ്രദേശത്തെ കോണ്‍ഗ്രസ്-ലീഗ് പോര് എന്നും വിവാദ വിഷയമാണ്. വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കലിന്റെയും മറ്റും ഭാഗമായി ജനപ്രതിനിധികള്‍ പൊന്മുണ്ടത്തെ അവഗണിച്ചതാണ് പ്രദേശത്തിന്റെ വികസന മുരടിപ്പിന് കാരണമായത്.
ചെറിയമുണ്ടത്തും താനാളൂരിലും സ്ഥിതി മറിച്ചല്ല. താനളൂരില്‍ കിഴക്കന്‍ മേഖലയിലാണ് പ്രതിസന്ധി തുടരുന്നത്. ഇല്ലാത്ത പദ്ധതികളുടെ പേരില്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്ന ജനപ്രതിനിധികള്‍ പകര, അരീക്കാട്, അയ്യായ റോഡ് പ്രദേശങ്ങളെ അവഗണിച്ചത് പരക്കെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിറമരുതൂരിന്റെ തീരമേഖലയിലും കനോലി കനാല്‍ തീരങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്. പഞ്ചായത്തിന്റെയും മറ്റും ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ചെറുകിട പദ്ധതികള്‍ ആശ്വാസം പകരുന്നുണ്ടെങ്കിലും ബൃഹദ് പദ്ധതികള്‍ പാളിയതും നടപ്പിലാക്കാതെ പോയതും പ്രദേശത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്. അടിയന്തിരമായി വിവിധ പ്രദേശങ്ങളിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.