പകര്‍ച്ചവ്യാധികള്‍ : പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കണം ;മന്ത്രി വി.എസ്‌. ശിവകുമാര്‍

images (2)തിരു:പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി, മഴക്കാല ആരോഗ്യപ്രവര്‍ത്തനങ്ങള്‍, സംസ്ഥാനത്തുടനീളം സമയബന്ധിതമാക്കാന്‍, സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍, ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനത്തിന്‌ ആയുഷ്‌ സെക്രട്ടറി ഡോ. എം. ബീനയെ ചുമതലപ്പെടുത്തി.
എച്ച്‌1 എന്‍1-ന്‌ ഉള്‍പ്പെടെ, മഴക്കാലരോഗങ്ങള്‍ക്കുള്ള മരുന്നുകളും ചികിത്സാസൗകര്യങ്ങളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്ന്‌ മന്ത്രി അറിയിച്ചു. മഴക്കാലാരംഭത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതിയ്‌ക്കും യോഗം രൂപം നല്‍കി. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 20 ന്‌ ജില്ലാതല അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ എംഎല്‍എ മാര്‍, എംപി മാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മറ്റു ജനപ്രതിനിധികള്‍, ജില്ലാകളക്‌ടര്‍, ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്‌ തലങ്ങളിലുള്ള അവലോകനയോഗങ്ങള്‍ ജൂണ്‍ 22 ന്‌ നടത്തും. ജൂണ്‍ 24 നാണ്‌ വാര്‍ഡുതല ആരോഗ്യശുചിത്വസമിതികളുടെ യോഗങ്ങള്‍. വാര്‍ഡ്‌ മെമ്പര്‍മാരുടെയും ആരോഗ്യവകുപ്പ്‌ ഫീല്‍ഡ്‌തല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ്‌ ഇത്‌ സംഘടിപ്പിക്കുക. അവലോകനയോഗങ്ങളില്‍, നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാന്‍ ആവശ്യമായ കര്‍മ്മപരിപാടികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യും.

എച്ച്‌1 എന്‍1 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാകളക്‌ടര്‍മാരുടെ നേതൃത്വത്തില്‍, സ്വകാര്യആശുപത്രികളിലെ മെഡിക്കല്‍ സൂപ്രണ്ടുമാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരാഴ്‌ചയ്‌ക്കകം അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കും. ഐഎംഎ, ഇന്ത്യന്‍ അക്കാദമി ഓഫ്‌ പീഡിയാട്രീഷ്യന്‍സ്‌, ക്വാളിഫൈഡ്‌ മെഡിക്കല്‍ പ്രാക്‌ടീഷണേര്‍സ്‌ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും ഇതില്‍ പങ്കെടുക്കും. കൊതുകുജന്യരോഗങ്ങളെ അകറ്റുന്നതിന്‌, ജൂണ്‍ 21, 28, ജൂലായ്‌ 5 തീയതികളില്‍, ജനകീയപങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി ഡ്രൈഡേ ആചരണം സംഘടിപ്പിക്കും. ഞായറാഴ്‌ചകളില്‍ വീടുകളിലും വ്യാഴാഴ്‌ചകളില്‍ ഓഫീസുകളിലും വെള്ളിയാഴ്‌ചകളില്‍ സ്‌കൂളുകളിലും നടത്തിവരുന്ന ഡ്രൈഡേ ആചരണങ്ങള്‍ക്കുപുറമേയാണിത്‌.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസീസ്‌ എപ്പിഡെമിക്‌ കണ്‍ട്രോള്‍ സെന്ററുകള്‍ തുടങ്ങാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ-ബ്ലോക്ക്‌-പി.എച്ച്‌.സി തലങ്ങളിലുള്ള ദ്രുതകര്‍മ്മസംഘങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മഴക്കാലരോഗപ്രതിരോധ നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ, ജില്ലാതല ഏകോപനത്തിനായി ആരോഗ്യവകുപ്പിലെ അഡിഷണല്‍ ഡയറക്‌ടര്‍മാരെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരെയും വിവിധ ജില്ലകളുടെ ചുമതലയേല്‍പ്പിച്ചു. പ്രമോഷന്‍, ഉപരിപഠനം മുതലായ കാരണങ്ങളാല്‍ ഒഴിവ്‌ വന്ന ഡോക്‌ടര്‍മാരുടെ തസ്‌തികകളിലേക്ക്‌ ഉടന്‍ നിയമനം നടത്താന്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

ആയുര്‍വേദ-ഹോമിയോ വകുപ്പുകള്‍, മഴക്കാലരോഗ പ്രതിരോധമരുന്നുവിതരണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനവ്യാപകമായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരികയാണ്‌. ഹോമിയോ വകുപ്പ്‌ ഇതിനകം 270 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആയുര്‍വേദവകുപ്പ്‌ തിരുവനന്തപുരം ജില്ലയില്‍മാത്രം സംഘടിപ്പിച്ചത്‌ 96 ക്യാമ്പുകളാണ്‌. പൊതുജനങ്ങള്‍ക്ക്‌ അവരവരുടെ ആരോഗ്യസംബന്ധമായ സംശയങ്ങള്‍, ദിശയുടെ 1056 എന്ന ബിഎസ്‌എന്‍എല്‍ ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചാല്‍, വിവിധ ചികിത്സാവിഭാഗങ്ങളിലെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുമായി സംസാരിച്ച്‌ ദൂരീകരിക്കാവുന്നതാണ്‌.
യോഗത്തില്‍ ആയുഷ്‌ സെക്രട്ടറി ഡോ. എം. ബീന, ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഇന്‍ -ചാര്‍ജ്‌ ഡോ. എസ്‌. ജയശങ്കര്‍, ആയുര്‍വ്വേദ ഡയറക്‌ടര്‍ ഡോ. അനിതാജേക്കബ്‌, ഹോമിയോ ഡയറക്‌ടര്‍ ഡോ. കെ. ജമുന, ആരോഗ്യവകുപ്പ്‌ അഡിഷണന്‍ ഡയറക്‌ടര്‍മാരായ ഡോ. ബി. ശ്രീലത, ഡോ. ആര്‍. രമേഷ്‌, ജോയിന്റ്‌ ഡിഎംഇ ഡോ. ശ്രീകുമാരി, ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ. ശിവദാസ്‌, ഐ.എസ്‌.എം ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ. കൃഷ്‌ണകുമാര്‍, എച്ച്‌1 എന്‍1 നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ ജി.എം ഡോ. ദിലീപ്‌, ഡിഎംഒ ഡോ. നീതാവിജയന്‍, ഡിപിഎം ഡോ. ബി. ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.