നേപ്പാളില്‍ 21 യാത്രക്കാരുമായി വിമാനം കാണാതായി

h-1കാഠ്മണ്ഡു: നേപ്പാളിലെ പൊക്കാറയില്‍ നിന്നും 21 യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറുയാത്രാ വിമാനം നേപ്പാളിലെ മലനിരകളില്‍ വെച്ച് കാണാതായി. പൊക്കാറയില്‍ നിന്നും പറന്നകന്ന് 8 മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിയ്ക്കപ്പെട്ടതായി എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റൂം അധികൃതര്‍ വ്യക്തമാക്കി.

പൊക്കാറയില്‍ നിന്നും നേപ്പാളിലെ പ്രധാന ട്രക്കിംഗ് മേഖലയായ ജോംസണിലേക്ക് പോയ വിമാനമാണ് കാണാതായിരിയ്ക്കുന്നത്. 18 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശികളാണ്.

ഏപ്രിലില്‍ രാജ്യത്തുണ്ടായ ഭൂകമ്പം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നേപ്പാള്‍ മോചിതമായി വരുന്നതേയുള്ളൂ. പരിചയസമ്പന്നരല്ലാത്ത പൈലറ്റുമാരും അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിയ്ക്കാത്ത വിമാനങ്ങളും നേപ്പാളിലെ വിമാനാപകടങ്ങളുടെ തോത് വര്‍ധിപ്പിയ്ക്കുന്നുണ്ട്. ഇപ്പോള്‍ വിമാനം കാണാതായ മേഖലയിലെ പറക്കലില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ നേപ്പാളിലെ വിമാനക്കമ്പനികളെ വിലക്കിയിരുന്നതുമാണ്.