നേതാക്കള്‍ക്ക് തെറിവിളി: താനൂരില്‍ ലീഗ്-കോണ്‍ഗ്രസ് പോരിന് പുതിയ മാനം

താനൂര്‍: മഞ്ഞളാം കുഴി അലിക്ക് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചു മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ് നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

 

ലീഗ് നോതാക്കളെയും യൂത്ത് ലീഗിനെയും വെല്ലുവിളിച്ചാണ് പ്രവര്‍ത്തകര്‍ കണക്കുതീര്‍ത്തത്. സ്ഥലം എം പിക്കും എം എല്‍ എക്കും എതിരെ രൂക്ഷമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഇനി ലോക്‌സഭയും നിയമസഭയും കാണാന്‍ കോണ്‍ഗ്രസ് സഹായം പ്രതീക്ഷിക്കേതില്ലെന്നും മുന്നറിയിപ്പ് നല്‍കി. ആര്യാടന് വേി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണ അറിയിക്കുകയും ചെയ്തു.
അതേസമയം ഐക്യമുന്നണി സംവിധാനം നിലവിലില്ലാത്ത താനൂരില്‍ കോണ്‍ഗ്രസ്, ലീഗ് തര്‍ക്കം പുതിയ പോര്‍മുഖം സൃഷ്ടിച്ചിരിക്കുകയാണ്. ലീഗിനെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ പോലും ചേരി തിരിഞ്ഞിരുന്ന താനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് ഭിന്നത മറന്ന് ഒന്നിച്ചത് ലീഗിന് തലവേദന സൃഷ്ടിക്കുന്നു്. അലിക്ക് മന്ത്രി സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് ആവേശം അലതല്ലിയ ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഒരു മാസം മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബാജി പൊന്മും, ടി വി അഷ്‌റഫ്, പി നിയാസ്, വൈ പി ലത്തീഫ്, ഫാറൂഖ് താനാളൂര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.