നെല്‍കൃഷി സംരക്ഷണത്തിന്‌ വേങ്ങരയില്‍ വനിതാ ലേബര്‍ ബാങ്ക്‌

വേങ്ങര: നെല്‍ കൃഷി സംരക്ഷണവും പ്രോത്സാസാഹനവും ലക്ഷ്യമിട്ട്‌ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തില്‍ ‘ഹരിതം’ വനിതാ ലേബര്‍ ബാങ്ക്‌ സജീവമാകുന്നു. കേന്ദ്രാവിഷ്‌ക്യത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരമാണ്‌ വേങ്ങരയില്‍ വനിതാ ലേബര്‍ ബാങ്ക്‌ രൂപവത്‌ക്കരിച്ചത്‌. തൊഴിലാളി ക്ഷാമം ഇല്ലാതാക്കി കര്‍ഷകരെ നെല്‍കൃഷിയിലേക്ക്‌ തിരിച്ചു കൊണ്ട്‌ വരാന്‍ ലക്ഷ്യമിട്ട്‌ നടപ്പാക്കിയ പദ്ധതിയില്‍ ഇതുവരെ 56 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി. നിലവില്‍ ക്ലബിലെ അംഗങ്ങളായ 14 വനിതകളാണ്‌ ബ്ലോക്കിന്‌ കീഴിലെ വിവിധ പാടശേഖരങ്ങളിലെ എട്ട്‌ ഹെക്‌ടറിലേറെ നെല്ല്‌ കൊയ്‌തത്‌ .
വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി സന്നദ്ധ സംഘടനയാണ്‌ ലേബര്‍ ബാങ്ക്‌ അംഗങ്ങള്‍ക്ക്‌ ശാസ്‌ത്രീയ പരിശീലനം നല്‍കിയത്‌. കൊയ്‌ത്ത്‌-മെതി യന്ത്രങ്ങള്‍ ഉപയോഗിക്കാനും അവയുടെ തകരാര്‍ പരിഹരിക്കാനുമുള്ള പരിശീലനമാണ്‌ നല്‍കുന്നത്‌. 18 നും 50നും ഇടയില്‍ പ്രായമുള്ള ക്ലബ്‌ അംഗങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുമുണ്ട്‌. മലപ്പുറം, ത്യശ്ശൂര്‍, പാലക്കാട്‌ ജില്ലകളില്‍ മാത്രമാണ്‌ നിലവില്‍ പദ്ധതിയുള്ളത്‌. കണ്‍സോര്‍ഷ്യം ഓഫ്‌ മലബാര്‍-പാലക്കാട്‌-തൃശൂര്‍ കോംപ്‌റ്റ്‌ എജന്‍സിക്കാണ്‌ പദ്ധതിയുടെ മേല്‍നോട്ട ചുമതല