നിലവിളക്ക്‌ വിവാദം : ലീഗ്‌ നേതാക്കള്‍ രണ്ടു തട്ടില്‍

ഇ.ടി യെ തിരുത്തി എം.കെ മുനീര്‍

e t muhammed basheer and m k muneerകോഴിക്കോട്‌: നിലവിളക്ക്‌ വിഷയത്തില്‍ മുസ്ലിംലീഗ്‌ ദേശീയ സെക്രട്ടരി ഇ ടി മുഹമ്മദ്‌ ബഷീറിനെതിരെ എം കെ മുനീര്‍. വിലവിളക്ക്‌ കൊളുത്തുന്നത്‌ തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ലീഗ്‌ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും എം കെ മുനീര്‍ പ്രതകരിച്ചു. പാര്‍ട്ടി നിലപാട്‌ നിലവിളക്ക്‌ കത്തിക്കേണ്ടതില്ലെന്നാണെന്നും ഇതില്‍ മാറ്റം വരുത്തില്ലെന്നുമായിരുന്നു ഇ ടി മുഹമ്മദ്‌ ബഷീര്‍ അഭിപ്രായപ്പെട്ടത്‌.

ലീഗ്‌ ജനപ്രതിനിധികളില്‍ നിലവിളക്ക്‌ കൊളുത്തുന്നവരും അല്ലാത്തവരുമുണ്ടെന്ന്‌ നിയമസഭയില്‍ കെ എം ഷാജിനടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇ ടി. കെ എം ഷാജിയുടെ നിലപാടിനോട്‌ യോജിക്കുന്ന നിലപാട്‌ തന്നെയായിരുന്നു കെ എന്‍ എ ഖാദര്‍ എം എല്‍ എയും പ്രകടിപ്പിച്ചത്‌. ഇതിനെതിരെയാണ്‌ ഇ ടി മുഹമ്മദ്‌ ബഷീര്‍ ഇന്ന്‌ പ്രതികരണവുമായി രംഗത്തെത്തിയത്‌.

ഇതെടെ നിലവിളക്ക്‌ വിവാദത്തില്‍ ലീഗിനകത്തുതന്നെ വിവാദമുണ്ടായിരിക്കുകയാണ്‌. ആരാധനയുടെ ഭാഗമല്ലാതെ നിലവിളക്ക്‌ കത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ ലീഗിലെ മൃദുസമീപനമുള്ളവരുടെ നിലപാട്‌. നിയമസഭയില്‍ കഴിഞ്ഞ ദിവസം കെ എം ഷാജി നടത്തിയ പ്രസംഗം ഉയര്‍ത്തിപ്പിടിച്ച്‌ പ്രതിപക്ഷ എം എല്‍ എയായ കെ ടി ജലീല്‍ ലീഗിന്‌ തങ്ങളുടെ നിലപാടായി പുറത്തുപറയാന്‍ കഴിയുമോ എന്ന്‌ വെല്ലുവിളിച്ചിരുന്നു.