നിലമ്പൂര്‍ ടൂറിസം: മന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറി

NILAMBUR TOURISM PHOTOനിലമ്പൂര്‍ ടൂറിസം സംബന്ധിച്ച്‌ നിലമ്പൂര്‍ അമല്‍ കോളേജ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്‌ കൈമാറി. നിലമ്പൂരിന്റെ ടൂറിസം സാധ്യതകളെ കുറിച്ചും കോളെജുകളില്‍ കുടൂതല്‍ വിദേശ അധ്യാപകരുടെ സേവനം ഉപയോഗിക്കുന്നതും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. നിലമ്പൂരിന്റെ തനത്‌ ഉത്‌പന്നങ്ങളായ തേക്ക്‌, മണ്‍പാത്രങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍ എന്നിവ കൂടുതലായി വിനോദ സഞ്ചാരികളിലെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ‘വാക്ക്‌ വിത്ത്‌ സ്‌കോളര്‍’ പദ്ധതിയിലുള്‍പ്പെടുത്തി വിദേശത്തു നിന്നുള്ള ഫാക്കല്‍റ്റികളെ കോളെജുകളില്‍ എത്തിക്കല്‍ തുടങ്ങി നിലമ്പൂരിന്റെ ടൂറിസം സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ കര്‍മപദ്ധതികളാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.

അമല്‍ കോളേജ്‌ ടൂറിസം – ഹോട്ടല്‍ മാനെജ്‌മെന്റ്‌ വകുപ്പുകള്‍ സംയുക്തമായി പ്രഫ. ഷമീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ഹോട്ടലുകള്‍, ടൂറിസം രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, കരകൗശല വിദഗ്‌ധര്‍ എന്നിവര്‍ക്കിടയില്‍ ഇതിനായി വിശദമായ പഠനം നടത്തിയിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തി അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. തുടര്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‌ റിപ്പോര്‍ട്ട്‌ കൈമാറി.പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ, അമല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. എം.ഉസ്‌മാന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ. നസീര്‍ പങ്കെടുത്തു.