നിലനില്‍പ്പിന്റെ മാനിഫെസ്റ്റോ പ്രകാശനം ചെയ്‌തു

 കോഴിക്കോട്‌ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ നടന്ന ചടങ്ങില്‍ മാനിഫെസ്‌റ്റോയുടെ കോപ്പി ഇ.കെ ശ്രീനിവാസന്‌ കൈമാറി ഡോ. ആസാദ്‌ പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്‌: കോര്‍പ്പറേറ്റ്‌ വിഭവചൂഷണത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്‌ക്കും വഴിയൊരുക്കുന്ന ഇടതു-വലതു വികസനനയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടികേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രവര്‍ത്തകരും പരിസ്ഥിതി-സാമൂഹിക പ്രസ്ഥാനങ്ങളും ചേര്‍ന്ന്‌ തയ്യാറാക്കിയ ജനപക്ഷ വികസന മാനിഫെസ്റ്റോ പ്രകാശനം ചെയ്‌തു. കോഴിക്കോട്‌ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ നടന്ന ചടങ്ങില്‍ മാനിഫെസ്‌റ്റോയുടെ കോപ്പി ഇ.കെ ശ്രീനിവാസന്‌ കൈമാറി ഡോ. ആസാദ്‌ പ്രകാശനം ചെയ്‌തു.

പരിപാടിയില്‍ വി.പി റജീന, പി.കെ ബിന്ദു, വി.കെ സുരേഷ്‌, പി.ജിനേഷ്‌, പി.എം ജയന്‍, ടി.കെ ഹാരിസ്‌ എ.ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

`പുറംതള്ളല്‍ വികസനത്തിന്‌ ഒരറുതി ജനകീയ വികസനത്തിന്‌ ഒരു മാനിഫെസ്റ്റോ; സമരകേരളം കൂടിയിരിക്കുന്നു’ എന്ന പേരില്‍ കോഴിക്കോട്‌ നടന്ന ദ്വിദിന കൂടിയിരിപ്പില്‍ അവതരിപ്പിച്ച കരട്‌ മാനിഫെസ്റ്റോയുടെ പരിഷ്‌കരിച്ച പതിപ്പാണ്‌ പ്രകാശനം ചെയ്‌തത്‌. കൃഷി, ഭക്ഷ്യ സ്വരാജ്‌, ഭൂവിനിയോഗം, ഭൂപ്രശ്‌നം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, വ്യവസായം, വ്യവസായ മലിനീകരണം, ഗതാഗതം, ജനാധികാരം, ഭരണനവീകരണം തുടങ്ങി നിരവധി മേഖലകളില്‍ അടിയന്തിരമായി നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ച്‌ ബദല്‍ സമീപനങ്ങളാണ്‌ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും മാനിഫെസ്റ്റോ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കുന്നതിന്റെ ഭാഗമായാണ്‌ പ്രകാശനകര്‍മം.