നിര്‍ത്തിയിട്ട ബസ്‌ നീങ്ങിയ സംഭവം;ഡ്രൈവര്‍ക്ക്‌ ‘കറക്‌ടീവ്‌ ട്രെയിനിങ്‌’ നല്‍കും

വണ്ടൂര്‍: പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്‌ തനിയെ സ്റ്റാര്‍ട്ടായ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ഡ്രൈവര്‍ക്ക്‌ ‘കറക്‌ടീവ്‌ ട്രെയിനിങി’ന്‌ ശുപാര്‍ശ ചെയ്‌തതായി ആര്‍.ടി.ഒ അറിയിച്ചു. ഇത്തരം പിഴവുകള്‍ വരുത്തുന്ന ഡ്രൈവര്‍മാര്‍ക്ക്‌ വിദേശ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ്‌ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കറക്‌ടീവ്‌ ട്രെയിനിങ്‌ നല്‍കുന്നത്‌. എടപ്പാളിലെ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡ്രൈവേസ്‌ ട്രെയിനിങ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ (ഐ.ഡി.ടി.ആര്‍.) ലാണ്‌ ഒരു ദിവസത്തെ പരിശീലനം നല്‍കുക. തകരാറ്‌ പരിഹരിച്ച്‌ നിലമ്പൂര്‍ ഓഫീസില്‍ വാഹനം കാണിച്ച്‌ പരിശോധനയ്‌ക്കുശേഷം മാത്രം തുടര്‍ സര്‍വീസ്‌ നടത്താവൂയെന്ന്‌ നിര്‍ദേശം നല്‍കി. ഈ വാഹനത്തിന്റെ സ്റ്റിയറിങ്‌ കോളം, ഇഗ്‌നേഷന്‍ സ്വിച്ച്‌ തകരാറ്‌ സംഭവിച്ചത്‌ കാരണം എക്‌സ്റ്റേനല്‍ ഇഗ്‌നേഷന്‍ സ്വിച്ച്‌ നല്‍കി സ്റ്റാര്‍ട്ടര്‍ ബട്ടന്‍ നല്‍കുകയും ചെയ്‌തു.
ടാറ്റാ വാഹനത്തിന്റെ എല്ലാ ഇലക്‌ട്രിക്‌ കണക്ഷനും ബന്ധിപ്പിക്കുന്നത്‌ സ്റ്റിയറിങ്‌ കോളത്തിലുള്ള ഇഗ്നേഷന്‍ സ്വിച്ചിലൂടെയായതിനാല്‍ ഈ സ്വിച്ച്‌ തന്നെ ഓണ്‍ പൊസിഷനുവേണ്ടി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ സ്വിച്ചിന്റെ കീ ഓണ്‍ പോസിഷനില്‍ ഇട്ട്‌ ഡ്രൈവര്‍ കീ സ്വിച്ചില്‍ തന്നെവച്ച്‌ അശ്രദ്ധമായി ബസ്സില്‍ നിന്നും ഇറങ്ങിപ്പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഓഫ്‌ പൊസിഷനില്‍ ഇട്ട്‌ കീ എടുത്ത്‌ പോയിരുന്നുവെങ്കില്‍ ഷോട്ട്‌ സര്‍ക്യൂട്ട്‌ വന്നാലും വാഹനം സ്റ്റാര്‍ട്ടാവുമായിരുന്നില്ല. തുടര്‍ച്ചയായി തകരാറുള്ള സ്റ്റാര്‍ട്ടറോ സോളിനോയിഡ്‌ സ്വിച്ചോ പുതിയത്‌ മാറ്റാതെ റിപ്പയര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടിങ്‌ സര്‍ക്യൂട്ടിന്റെ ഇംപ്രോപ്പര്‍ ഇന്‍സുലേഷന്‍ കാരണം വാഹനം തനിയെ സ്റ്റാര്‍ട്ടാവുകയും ഗിയറിലുള്ള വാഹനം ഓടിപ്പോവുകയുമാണ്‌ സംഭവിച്ചത്‌. വാഹനത്തിന്റെ ഹാന്‍ഡ്‌ബ്രേക്ക്‌ പ്രവര്‍ത്തനരഹിതമായിരുന്നെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.