നിരാഹാരം നടത്തിയ പൊമ്പിള ഒരുമൈ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

മൂന്നാര്‍ : മന്ത്രി എംഎം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പൊമ്പിള ഒരുമൈ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയിലും സമരം തുടരുമെന്ന് ആംബുലന്‍സിലേക്ക് കയറ്റവേ ഗോമതി പറഞ്ഞു.

സമരക്കാരുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ സമരപ്പന്തലില്‍ തന്നെ ചികില്‍സ മതിയെന്ന് സമരക്കാര്‍ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ സമരപ്പന്തലില്‍ ചികില്‍സ നല്‍കാനുള്ള സൌകര്യമില്ലെന്നും, ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സമരം നടത്തിവന്നിരുന്ന ഗോമതിയെയും കൗസല്യയേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

. ഇവരെ അറസ്റ്റുചെയ്ത് നീക്കാനുള്ള പൊലീസിന്റെ ശ്രമം കോൺഗ്രസ് പ്രവർത്തകരും ആംആദ്മി പ്രവർത്തകരും ചെറുക്കാൻ ശ്രമിച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.