നിയമസഭ തെരഞ്ഞെടുപ്പ്;ചരിത്രത്തില്‍ ആദ്യമായി കേരള ഗവര്‍ണ്ണര്‍ വോട്ടു ചെയ്തു

Story dated:Monday May 16th, 2016,11 56:am

P-SADASIVAMതിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി കേരള ഗവര്‍ണ്ണര്‍ വോട്ടു ചെയ്തു. കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ഭാര്യയോടൊപ്പം എത്തി വട്ടിയൂര്‍ക്കാവിലെ ജവഹര്‍ നഗര്‍ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രത്യേക പരിഗണനയ്ക്കു കാത്തുനില്‍ക്കാതെ മറ്റ് വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് ഗവര്‍ണ്ണറും വോട്ട് രേഖപ്പെടുത്തിയത്.

ഗവര്‍ണ്ണര്‍മാര്‍ നിയമിതരായ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് രേഖപ്പെടുത്താറില്ല. സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്തുക. എന്നാല്‍ ഈ രീതി മാറ്റിക്കുറിച്ചാണ് പി സദാശിവം കേരളത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. ജസ്റ്റിസ് പി സദാശിവം ഈ അടുത്ത കാലത്താണ് വോട്ടര്‍പട്ടികയില്‍പേരു ചേര്‍ത്തത്.

വോട്ടവകാശമുള്ള എല്ലാ പൗരന്മാരും അവരവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് നൂറു ശതമാനം പോളിംഗ് രേഖപ്പെടുത്തുകയെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.