നിയമസഭാ തെരഞ്ഞെടുപ്പ്‌: ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം- ജില്ലാ കലക്‌ടര്‍

നിയമസഭ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്‍ അറിയിച്ചു. പൊതുജനങ്ങളുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികളുമെല്ലാം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി എളുപ്പത്തില്‍ ലഭിക്കും. സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ കെല്‍ട്രോണ്‍ വികസിപ്പിച്ച വെബ്‌ അധിഷ്‌ഠിത സോഫ്‌റ്റ്‌വേര്‍ വഴിയാണ്‌ ഇത്‌ സാധ്യമാവുക. അപേക്ഷകര്‍ക്ക്‌ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ ഒന്നിന്‌ 10 രൂപ നിരക്കില്‍ സേവനം ലഭ്യമാകും.
ഇ-പരിഹാരം
പൊതുജനങ്ങള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ഷന്‍ സംബന്ധിച്ച പരാതികള്‍ ഇ-പരാതി വഴി നല്‍കാം പരാതിയോടൊപ്പം ഫൊട്ടോ, വിഡിയോ എന്നിവയും അപ്ലോഡ്‌ ചെയ്യാവുന്നതാണ്‌. അപേക്ഷയുടെ നിജസ്ഥിതി മൊബൈല്‍ നമ്പര്‍, അപേക്ഷാ നമ്പര്‍ എന്നിവ ഉപയോഗിച്ച്‌ 24 മണിക്കൂറും പരിശോധിക്കാനുള്ള സൗകര്യവും ലഭിക്കും.
ഇ-അനുമതി
തെരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട വിവിധയിനം അനുമതികള്‍ക്കായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള ഏകജാലക സംവിധാനമാണ്‌ ഇ-അനുമതി. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ അപ്‌ ലോഡ്‌ ചെയ്യാനുള്ള സൗകര്യവും ഇ-അനുമതി വഴി ലഭിക്കും. പൊതുയോഗങ്ങള്‍, റാലികള്‍, വാഹന ഉപയോഗം, താത്‌ക്കാലിക തെരഞ്ഞെടുപ്പ്‌ ഓഫീസ്‌, ഉച്ചഭാഷിണികള്‍, ഹെലികോപ്‌റ്റര്‍ ഉപയോഗം, ഹെലിപാഡ്‌ തുടങ്ങിയ സേവനങ്ങള്‍ ഇ-അനുമതിയിലൂടെ വേഗത്തില്‍ ലഭിക്കും.
ഇ-വാഹനം
തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയ്‌ക്ക്‌ വാഹനങ്ങള്‍ ആവശ്യപ്പെട്ട്‌ കത്ത്‌ നല്‍കല്‍, ഉടമസ്ഥന്റെയും ഡ്രൈവറുടേയും വിലാസം, മൊബൈല്‍ നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിശദാംശങ്ങള്‍, ഒരു ജില്ലയിലെ വാഹനങ്ങള്‍ മറ്റ്‌ ജില്ലകളിലേക്ക്‌ അനുവദിക്കല്‍ തുടങ്ങിയവയ്‌ക്ക്‌ ഇ-വാഹനം ഉപയോഗപ്പെടുത്താം.