നിയമസഭാ തെരഞ്ഞെടുപ്പ്‌;ഏപ്രില്‍ അവസാനമോ മെയ്‌ ആദ്യമോ വേണമെന്ന്‌ രാഷ്ട്രീയ കക്ഷികള്‍

aruvikkara-electionതിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ്‌ ഏപ്രില്‍ അവസാനത്തിലോ മെയ്‌ ആദ്യമോ നടത്തണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്രസേനയും ക്യാമറ നിരീക്ഷണവും വേണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്‌ച നടത്തി.

10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണു മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഡോ.നസിം സെയ്‌ദി ഉള്‍പ്പെടെ ഏഴംഗ സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്‌. തിരഞ്ഞെടുപ്പ്‌ നടക്കേണ്ട സമയം, മുന്‍കരുതലുകള്‍ എന്നിവയായിരുന്നു കൂടിക്കാഴ്‌ചയിലെ വിഷയം. തിരഞ്ഞെടുപ്പിനു മുന്‍പു വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ തീര്‍പ്പുണ്ടാക്കണമെന്നും പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും കലക്ടര്‍മാരുമായും ഡിജിപി, ചീഫ്‌ സെക്രട്ടറി എന്നിവരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തുന്നുണ്ട്‌. നാളെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ടെത്തി കമ്മീഷന്റെ വിലയിരുത്തലുമുണ്ടാകും.