നിയമസഭയ്ക്കകത്ത് അശ്ലീല വീഡിയോ വീക്ഷിച്ച മൂന്നു മന്ത്രിമാര്‍ രാജിവെച്ചു.

ബംഗളുരു : കര്‍ണ്ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ വീക്ഷിച്ച മൂന്നു ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. സദാനന്ദ ഗൗഡ മന്ത്രിസഭയിലെ സഹകരണമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാശിശുക്ഷേമ മന്ത്രി സി.സി. പാട്ടീല്‍, പരിസ്ഥിതി മന്ത്രി കൃഷ്ണ പലേമര്‍ എന്നിവരാണ് രാജിവച്ചത്. ആരോപിതരായ മൂന്നു മന്ത്രിമാരടക്കം പങ്കെടുത്ത ബി.ജെ.പി കോര്‍ കമ്മിറ്റിക്കു ശേഷമാണ് രാജി തീരുമാനം. മൂവരും മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് സദാനന്ദഗൗഡ ഗവര്‍ണ്ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് കൈമാറി. ഉച്ചയോടെ രാജിക്കത്ത് സ്വീകരിച്ചതായി രാജ്ഭവന്‍ അറിയിച്ചു.

സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചതെങ്കിലും കേന്ദ്രനേതൃത്വം ഇടപ്പെട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച്ച തന്നെ സംസ്ഥാന നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ കുറ്റക്കാരെല്ലെന്നും രാജിവെക്കുന്ന പ്രശ്‌നമില്ലെന്നുമാണ് മന്ത്രിമാര്‍ ചൊവ്വാഴ്ച്ച വ്യക്തമാക്കിയത്.

 

കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. മൂന്നു മന്ത്രിമാര്‍ ചെയ്ത തെറ്റിന് പാര്‍ട്ടിയെ മൊത്തം പഴിചാരരുതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നല്ല തങ്ങള്‍ രാജിവെച്ചതെന്ന് ലക്ഷ്മണ്‍ സവാദി പറഞ്ഞു. രാജി സ്വയം എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles