പരപ്പനങ്ങാടിയില്‍ നാളെ ടോള്‍ബൂത്ത് നിര്‍മ്മിക്കും

പരപ്പനങ്ങാടി: റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം നാളെ തുടങ്ങും. ഇന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ആര്‍ബിഡിസിയിലെ ഉദ്യോഗസ്ഥരും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടത്തിയ ചര്‍ച്ചയ്്‌ക്കൊടുവിലാണ് ഈ തീരുമാനം.

സമരസമിതി നടത്തുന്ന സമരം തികച്ചും സമാധാനപരമായതോടെയാണ് ആര്‍ഡിബിസിയും പോലീസും ടോള്‍ബൂത്ത് കെട്ടാന്‍ തീരുമാനമെടുക്കുന്നത്.

നേരത്തെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ മുസ്ലിം ലീഗും കോള്‍ഗ്രസും ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും മറ്റ് സംഘടനകളും ഈ ടോള്‍പിരിവിനെ ശക്തമായെതിര്‍ത്തിരുന്നു. ജനങ്ങളുടെ ഈ എതിര്‍പ്പ് ആര്‍ഡിബിസിയെയും മുഖ്യമന്ത്രിയെയും അറിയിക്കുമെന്നും കലക്ടര്‍ ഈ യോഗത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഇത് ജനങ്ങളിലുണ്ടാക്കിയിരുന്നു. എന്നാല്‍ മാറിയ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും കലക്ടര്‍ ടോള്‍ പിരിവ് തുടങ്ങാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതെ തുടര്‍ന്ന് ടോള്‍പരിവിനെതിരെ സമാധാനപരമായ സമരം നടന്നു വരികയാണ്. ഇന്നലെ പോലീസ് ഇടപെട്ട് നിലവിലെ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ സമരം കൂടുതല്‍ ജനകീയമാകുന്ന കാഴ്ചയാണ് ഇന്നു കണ്ടത്.

നാളെ ടോള്‍ പിരിക്കുന്നിടത്തേക്ക്് ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും മാര്‍ച്ച് നടത്തുമെന്ന് സൂചനയുണ്ട്.