നാളെ മുതല്‍ സംസ്ഥാനത്ത്‌ ബീഫില്ല

imagesതിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത്‌ മാട്ടിറച്ചി കിട്ടില്ല. ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക്‌ അടച്ചിട്ട്‌ സമരം ചെയ്യാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുകയാണ്‌. കന്നുകാലികളെ കൊണ്ടുവരുന്നതില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ്‌ തീരുമാനം.

തമിഴ്‌നാട്ടിലെ സമരത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ മാട്ടിറച്ചിക്ക്‌ കടുത്ത ക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌. കാലിവരവ്‌ നിലച്ചതോടെ മിക്ക ഇറച്ചിക്കടകളും പ്രവര്‍ത്തിക്കുന്നില്ല. തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ കഴിഞ്ഞ 19 മുതല്‍ നടത്തിവരുന്ന സമരം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ എല്ലാ ഇറച്ചിക്കടകളും അടച്ചിട്ടുള്ള സമരത്തിന്‌ കേരളത്തിലെ വ്യാപാരികളുടെ ഈ തീരുമാനം.

ഇക്കാര്യം സംബന്ധിച്ച്‌ ഇരു സംസ്ഥാനങ്ങളിലെയും വ്യാപാരികള്‍ ഇന്നലെ തമിഴ്‌നാട്ടില്‍ യോഗം ചേര്‍ന്നിരുന്നു. കന്നുകലികളെ കൊണ്ടുവരുന്നതില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

സമരം ശക്തമായതോടെ ഒരു കിലോ ബീഫിന്റെ വില 300 രൂപയായിരിക്കുകയാണ്‌. മാട്ടിറച്ചി വിഭവങ്ങളൊന്നും തന്നെ മിക്ക ഹോട്ടലുകളിലും ഇപ്പോള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്‌. അതെസമയം മാട്ടിറച്ചി ലഭ്യത കുറഞ്ഞതോടെ മറ്റ്‌ മൃഗങ്ങളുടെ ഇറച്ചി ബീഫെന്ന പേരില്‍ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.