നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

മലപ്പുറം: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാടെങ്ങും ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തെരുവുകളും വിദ്യാലയങ്ങളും ആശുപത്രികളും ശുചീകരിച്ച് കൊണ്ട് ക്ലബ്ബുകളും വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും മാതൃകയായി. നിരവധി വിദ്യാലയങ്ങളില്‍ ഗാന്ധിജിയുടെ മഹത്‌വജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകള്‍ അടങ്ങിയ റാലികള്‍ സംഘടിപ്പിച്ചു.

മലപ്പുറത്ത് ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ ഫഌഗ്ഓണ്‍ ചെയ്തു. എക്‌സൈസ്, പോലീസ് സേനാവിഭാഗങ്ങളിലുള്ളവരും വിദ്യാര്‍ത്ഥികളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും ചെമ്മാട്ടെ ഡ്രൈവര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചെമ്മാട്ടങ്ങാടി ശുചീകരിച്ച് മാതൃകയായി.