നാടകരംഗത്ത് നിന്ന് ഒരഭിനേതാവുകൂടി മലയാള സിനിമയിലേക്ക്

കൊച്ചി : മലയാള സിനിമക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കേരള നാടകവേദിയില്‍ നിന്ന് ഒരാള്‍കൂടി സിനിമാലോകത്ത് ശ്രദ്ധേയനാകുന്നു. രജ്ഞിത്ത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയില്‍ തിലകന്റെ മാനസിക വിഭ്രാന്തിയുള്ള മകനായി രംഗത്തെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ബിനോയ് നമ്പാല ‘ഫേസ് ടു ഫേസ്’ എന്ന മമ്മുട്ടി ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തിനായി ചായമണിയുന്നു. വിഎം വിനു ഒരുക്കുന്ന ഈ ചിത്രം എറണാകുളത്തും, മൂന്നാറിലും, വിശാഖപട്ടണത്തുമായി ഷൂട്ടിങ് പൂര്‍ത്തിയാക്കി. സസ്‌പെന്‍സ് നിറഞ്ഞ ഒരു കുടുംബകഥയാണ് ചിത്രത്തിന്റേത്. നവംബര്‍ 30 ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

ജയപ്രകാശ് കുളൂര്‍ രചിച്ച ‘ചക്കീസ് ചങ്കരം’ എന്ന നാടകത്തിലെ ചങ്കരന്‍ എന്ന ബിനോയ് ചെയ്ത വേഷം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ‘അഭിനയ’ യില്‍ ആയിരുന്നു ബിനോയ് ഏറെക്കാലം.

കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ‘ പെര്‍ഫോമിങ് ആര്‍ട്‌സില്‍’ പിഎച്ചഡി ചെയ്യുന്ന ബിനോയിയുടെ മുഴുനീള വേഷത്തിലെത്തുന്ന ഇഡിയറ്റ്‌സും നവംബര്‍ 23 ന് തിയ്യേറ്ററുകളില്‍ എത്തും. രജ്ഞിത്തിന്റെ മമ്മുട്ടി ചിത്രമായ ബാവുട്ടിയുടെ നാമത്തിലും ബിനോയ് അഭിനയിക്കുന്നുണ്ട്്.